Showing posts with label ഓണം. Show all posts
Showing posts with label ഓണം. Show all posts

Friday, October 24, 2025

ഓണപ്പാട്ട്



അത്തം വന്നോണമെത്തീ, 
തുമ്പപ്പൂക്കൂടയൊരുക്കാം, 
തിരുമേനിക്കിരുന്നുണ്ണാൻ ഇലയൊരുക്കാം, 

ഓണപ്പാട്ടീണത്തിൽ 
ഓണക്കളിമേളമൊരുക്കാം, 
തിരുമേനിക്കിരിക്കുവാൻ കളമൊരുക്കാം, 

ഉത്രാടപാച്ചിലിലും, 
കൈതോല പായവിരിക്കാം, 
തിരുമേനിക്കണിയുവാൻ കസവൊരുക്കാം 

നല്ലോണക്കാലമല്ലോ, 
മാവേലി നാടൊരുക്കാം, 
തിരുവോണനാളിനെ വരവേൽക്കാം!

Saturday, August 22, 2009

വീണ്ടും ഒരോണം...

എണ്ണയിടാത്ത തകരയന്ത്രം കണക്കേ,
അച്ചുതണ്ടില്ലാതെ ജീവിതം കറങ്ങവേ...
വീണ്ടുമൊരോണം ഓടിയെത്തുമ്പോള്‍ ,
ഓര്‍മ്മച്ചെരാതുകള്‍ തിരിതെളിയുന്നൂ...

ബാല്യത്തിന്‍ കൈകളാല്‍ കോരിയെടുത്തൊരാ,
തുമ്പയും തെച്ചിയും മുക്കുറ്റിപ്പൂക്കളും,
കൌമാരമോഹങ്ങളുടെ വര്‍ണ്ണങ്ങളും,
കൂട്ടുകുടുംബത്തിന്‍ പരിഭവങ്ങളും,
പേരുമറന്ന തൊടുകറികളും, സദ്യയും,
തറവാടുമുറ്റവും, നിറവയലുകളും,
സമൃദ്ധിയുടെ മണമുള്ള മന്ദസമീരനും....
ഹോ ! കാലത്തില്‍ കാതങ്ങള്‍ പിന്നിലെത്തുന്നു...

പക്ഷേ, കൈരളീഭൂവിലിന്നെവിടെ ഓണം?
പടച്ചുകെട്ടിയ സമൂഹമനസ്സും,
ഉപഭോഗങ്ങളായ് സ്നേഹവികാരങ്ങളും,
കാലണ വിലയിടും ബന്ധങ്ങളും,
പൊള്ളയാം രാഷ്ട്രീയ ജല്പനങ്ങളും,
സ്വാര്‍ത്ഥരൂപങ്ങളായ് ഭരണചക്രങ്ങളും,
നന്മയുടെ കരങ്ങളില്‍ വിലങ്ങണിയിക്കുന്നൂ...;
അര്‍ത്ഥിയുടെ പാതയില്‍ കോട്ടകെട്ടുന്നൂ.......

പ്രവാസങ്ങളുടെ അനുയാത്രയില്‍ ; ഓണം,
ഊഷരഭൂവിലൊരു മഴത്തുള്ളിപോലെ...
മറ്റൊരു മാതൃകാരാജ്യപ്പിറവിക്കായ്
ആ മഹാരാജനെ വരവേല്‍ക്കാമെങ്കിലും
ഇന്നെനിക്കോണമുണ്ണാന്‍ നേരമില്ല...!!
ചിരിക്കാനും കരയാനും കൂടൊരാളുമില്ല...!!
ഇന്നീ ഓണനാളിന്‍ പൂക്കൂടയില്‍ ഞാന്‍
അഴിച്ചിടട്ടേ എന്‍ വിഷാദ മൂടുപടങ്ങള്‍ ...