Tuesday, January 29, 2008

ചാക്രികക്രിയകള്‍

പൂജ:
ചെമ്പട്ടും തറ്റുമുടുത്ത്, രുദ്രവിളക്കുവച്ച്,
രാഷ്ട്രീയക്കോവിലില്‍ ഗണപതിഹോമം...
മല്‍ജനുസ്സിന്റെ ജന്മാവകാശം,
പതിച്ചേകിയ പൊതുജനം സാക്ഷി...
കപടവിശ്വാസത്തിന്‍ അരചന്ദനം,
മനസ്സിന്നുകുറുകെ പൂണൂലില്‍ തൊട്ട്,
നീതിധര്‍മ്മങ്ങളെ ഹവിസ്സാക്കി,
രാഷ്ട്രതന്ത്രാഗ്നിയില്‍ നേദിച്ച്,
വാഗ്ദത്തഭൂവാം ഹസ്തമുദ്രയില്‍,
വാഗ്ദാനങ്ങളാം വലം പിരിയേന്തി,
ആരോപണമന്ത്രങ്ങളുരുക്കഴിച്ച്,
അധികാരവരേണ്യപീഠേകരേറി...!

കര്‍മ്മം:
പ്രതിപക്ഷ, വിമത; പ്രത്യക്ഷപുച്ഛങ്ങളും,
അരമതില്‍ വിടവിലൂടരക്കിടും ബന്ധങ്ങളും,
രാജസൂയത്തിന്‍ ചതുരംഗപ്പലയില്‍,
പകിടകളായുരുട്ടി, യെത്ര ദ്രൌപദിമാരെ,
എത്ര സത്യങ്ങളെ, അവകാശങ്ങളെ,
പാഴ് പണയങ്ങളായ് വാങ്ങിവച്ചു...!
കൊടിവര്‍ണ്ണപ്പുകമറയ്ക്കുള്ളില്‍,‍
കോമരക്കോലങ്ങളെ,
മുപ്പതുവെള്ളിക്കു വിലയ്ക്കുവാങ്ങി...!
അരൂഢപ്രതിഷ്ഠകളില്‍,
രുധിരം ചാര്‍ത്തി,
പള്ളിമണിമേടകളില്‍ മരണം മുഴക്കി...!
ജഠരാഗ്നി ജയിലറയ്ക്ക്,
വഴിയൊരുക്കുമ്പോള്‍,
ഭീകരവാദത്തിന്‍ മുഖമുദ്ര നല്‍കി...!
സൈദ്ധാന്തിക പകപോക്കാന്‍,
വിധ്വംസകവൃത്തിക്ക്,
തടവറയ്ക്കുള്ളിലായ് മണിയറകളൊരുക്കി...!

വിചിന്തനം:
ദീപ്തസത്യകൂരമ്പുകളെത്രകൊണ്ടിട്ടും,
കാപട്യകവചത്തിനെന്തുപറ്റി...?
തട്ടിത്തെറിച്ചവ ചിലതുകൊ-
ണ്ടനുയാത്രികര്‍ ചിലരിടറിവീണു...
മൊഴിശരങ്ങളാവനാഴിയിലിനിയുമേറെ,
നെറ്റിയില്‍ കൊമ്പുള്ള തൊലിക്കട്ടിയും...
ശാക്തിക വിഭാഗീയത തലപ്പന്തുതട്ടാന്‍,
ചാവേറായണികളും, ഇനിയുമെത്ര...!

അനിവാര്യത:
മനസ്സിന്‍ പ്രരൂഢവിശ്വാസങ്ങളൊക്കെ,
നെയ്തെടുക്കുന്നോരൂടും, പാവും,
കടപുഴയ്ക്കുന്നോരടിയൊഴുക്കുകള്‍,
ഉടലാര്‍ന്നുറയും മുമ്പേയൊട്ടറിഞ്ഞില്ല...!
“ഡെമോക്ലീസി”ന്‍ വാളില്‍ നിന്നൊഴിയവേ,
പിടിയാനയ്ക്കൊരുക്കിയ, ചേര്‍വാരിക്കുഴിയില്‍,
ഇടറിനിപതിച്ചൊരു കൊമ്പനുചുറ്റും,
താപ്പാനക്കൂട്ടങ്ങള്‍ വിധികല്‍പ്പിക്കുന്നു...!!
ശുഭം!

Sunday, January 6, 2008

ഇത്തിരി നേരം

(1)
തുലാമഞ്ഞിന്‍ തൂവല്‍ക്കുടിലില്‍,
തുഷാരങ്ങളില്‍ തിരിചാര്‍ത്തുന്നൊരാ,
ഇളംസൂര്യന്റെ സ്നേഹകിരണങ്ങള്‍ക്കും,
വൃശ്ചികപ്പുലരിക്കുമായ് കാത്തുനില്‍ക്കേ...

നനുത്തവെട്ടത്തില്‍, നടുമുറ്റത്തായ്,
ആലസ്യത്തിന്‍ ചാരുപടിയില്‍ക്കിട-
ന്നുണങ്ങിത്തുടങ്ങിയ തുളസിയും, തറയും,
പ്രായത്തിന്‍ “Sepia Tone”ല്‍ ഞാന്‍ കണ്ടു...
(2)
വരണ്ടുതുടങ്ങിയ, കണ്ണീര്‍പ്പാടങ്ങളിലും,
വിണ്ടുതുടങ്ങിയോരോര്‍മ്മപ്പറമ്പിലും,
തിമിരം ബാധിക്കാത്തോരകക്കണ്ണിലും,
നഷ്ടസ്വപ്നങ്ങളുടെ വേലിയേറ്റങ്ങള്‍...

നിഴല്‍ വീണയഗ്രഹാരത്തിന്റെ വാതില്‍ തുറ-
ന്നൊരു പനിമതിരാവും കടന്നുവന്നീലാ...
പൊഴിഞ്ഞുവീണ പനിനീര്‍ദളങ്ങളുടെ,
വര്‍ണ്ണനിദാനങ്ങള്‍ ആരും തിരക്കീല...
(3)
നേര്‍ത്ത ദാമ്പത്യം പടിയിറക്കി-
ക്കൊണ്ടുപോയ സൌഭാഗ്യങ്ങളൊന്നുമേ,
തിരിച്ചെടുത്തേകുവാനൊട്ടുമായില്ല ;
മക്കളേ, നിങ്ങളീയച്ഛനു മാപ്പുനല്‍കൂ...!

നിറഞ്ഞസ്നേഹവും, വിദ്യാനിവേദ്യവും,
മനസ്സാഭുജിച്ചു ജീവരഥ്യതെളിച്ചതില്‍,
മക്കളേ, അച്ഛന്‍ കൃതാര്‍ത്ഥനായ് ;
മിഴിനീരുപ്പുചേര്‍ത്തനുഗ്രഹങ്ങള്‍...
(4)
കാതങ്ങള്‍ അകലെയാണെങ്കിലും,
ചേക്കേറിയ ചില്ലകളില്‍ കൂടുകൂട്ടി,
നെട്ടോട്ടമോടവേ, നേരമൊട്ടില്ലെന്നാലും,
തണ്ടക്കിളിയേയും കൂടെ നിര്‍ത്തി...

ജന്മസുകൃതങ്ങളും, പിതൃക്കളുമുറങ്ങുന്ന,
മണ്ണില്‍നിന്നൊരു പുന:പ്രതിഷ്ഠ ; പിന്നെ,
കാലത്തിനൊപ്പമെത്താനൊരു പാഴ് ശ്രമം;
തിരിച്ചനിവാര്യമാമീ, ഏകാന്തവഴികളില്‍...!
(5)
കഴിഞ്ഞ ഡിസംബറില്‍, കുഞ്ഞുമോണകാട്ടി,
പുഞ്ചിരിച്ചോരോന്നും, കുറുകിമൊഴിഞ്ഞ,
കൊച്ചുമോളെ, ക്കോരിയെടുത്തുപുല്‍കാന്‍,
നെഞ്ചകമാകെ തുടിക്കുന്ന പോലെ...

ഇന്നീ ഡിസംബറും, വര്‍ഷവും കൊഴിയവേ,
മനസ്സിനുള്ളില്‍ കുഞ്ഞുമോഹങ്ങള്‍ മാത്രം..
എല്ലാമുഖങ്ങളും, ഇടയ്ക്കൊന്നു കാണണം,
ഒത്തുചേര്‍ന്നെന്നെങ്കിലുമൊരിത്തിരി നേരം...