Friday, February 19, 2010

മിന്നി..(മിസ്കിന / മീനാക്ഷി)

കാലുഷ്യങ്ങളൊട്ടുമേ അറിയാതെ,
മിന്നീ, നീ കളിച്ചു ചിരിക്കയാണ്...
കാര്‍മുടിയിഴകള്‍ കോതിയൊതുക്കാതെ,
വെള്ളാരംകണ്ണുകളില്‍ കുസൃതി കാട്ടി...

എന്റെ നിസ്വനങ്ങള്‍ പതിതമായ് നിന്റെ
ദിനരാത്രപടവുകളില്‍ തേങ്ങലുകളായ്
വീണുടയുമെന്നാലും, ഒരുനാള്‍
അമ്മയെ തേടി നീ പോകതിരിക്കുമോ ?
വോള്‍ഗയില്‍ എനിക്കായ് വിരിഞ്ഞ്
ജര്‍മ്മനിയിലേക്ക് പറിച്ചുനട്ടൊടുവില്‍
ഞാനറിയാതെ നീരെടുത്തൊരെന്‍
താമരപ്പൂവിന്റെ തണ്ടു തേടി....?

മിന്നീ, നിരയ്ക്കാത്ത നീതിക്കു പകരമായ്
ഉപചാരവാക്കുകള്‍ മാത്രം നല്‍കി,
കാണാമറയത്ത് നടന്നകന്നോരായമ്മ,
അച്ഛന്റെ മനസ്സ് കേട്ടിരുന്നോ ?
ആദിസത്യമാം സ്നേഹം, സമ്മാനമായ്
ജന്മം നല്‍കിയ നിന്നെ,
മിസ്കിനയായി വളര്‍ത്തണോ, അതോ,
മീനാക്ഷിയായി നെഞ്ചേറ്റണമോയെന്ന്‍ ...!!!