Tuesday, January 29, 2008

ചാക്രികക്രിയകള്‍

പൂജ:
ചെമ്പട്ടും തറ്റുമുടുത്ത്, രുദ്രവിളക്കുവച്ച്,
രാഷ്ട്രീയക്കോവിലില്‍ ഗണപതിഹോമം...
മല്‍ജനുസ്സിന്റെ ജന്മാവകാശം,
പതിച്ചേകിയ പൊതുജനം സാക്ഷി...
കപടവിശ്വാസത്തിന്‍ അരചന്ദനം,
മനസ്സിന്നുകുറുകെ പൂണൂലില്‍ തൊട്ട്,
നീതിധര്‍മ്മങ്ങളെ ഹവിസ്സാക്കി,
രാഷ്ട്രതന്ത്രാഗ്നിയില്‍ നേദിച്ച്,
വാഗ്ദത്തഭൂവാം ഹസ്തമുദ്രയില്‍,
വാഗ്ദാനങ്ങളാം വലം പിരിയേന്തി,
ആരോപണമന്ത്രങ്ങളുരുക്കഴിച്ച്,
അധികാരവരേണ്യപീഠേകരേറി...!

കര്‍മ്മം:
പ്രതിപക്ഷ, വിമത; പ്രത്യക്ഷപുച്ഛങ്ങളും,
അരമതില്‍ വിടവിലൂടരക്കിടും ബന്ധങ്ങളും,
രാജസൂയത്തിന്‍ ചതുരംഗപ്പലയില്‍,
പകിടകളായുരുട്ടി, യെത്ര ദ്രൌപദിമാരെ,
എത്ര സത്യങ്ങളെ, അവകാശങ്ങളെ,
പാഴ് പണയങ്ങളായ് വാങ്ങിവച്ചു...!
കൊടിവര്‍ണ്ണപ്പുകമറയ്ക്കുള്ളില്‍,‍
കോമരക്കോലങ്ങളെ,
മുപ്പതുവെള്ളിക്കു വിലയ്ക്കുവാങ്ങി...!
അരൂഢപ്രതിഷ്ഠകളില്‍,
രുധിരം ചാര്‍ത്തി,
പള്ളിമണിമേടകളില്‍ മരണം മുഴക്കി...!
ജഠരാഗ്നി ജയിലറയ്ക്ക്,
വഴിയൊരുക്കുമ്പോള്‍,
ഭീകരവാദത്തിന്‍ മുഖമുദ്ര നല്‍കി...!
സൈദ്ധാന്തിക പകപോക്കാന്‍,
വിധ്വംസകവൃത്തിക്ക്,
തടവറയ്ക്കുള്ളിലായ് മണിയറകളൊരുക്കി...!

വിചിന്തനം:
ദീപ്തസത്യകൂരമ്പുകളെത്രകൊണ്ടിട്ടും,
കാപട്യകവചത്തിനെന്തുപറ്റി...?
തട്ടിത്തെറിച്ചവ ചിലതുകൊ-
ണ്ടനുയാത്രികര്‍ ചിലരിടറിവീണു...
മൊഴിശരങ്ങളാവനാഴിയിലിനിയുമേറെ,
നെറ്റിയില്‍ കൊമ്പുള്ള തൊലിക്കട്ടിയും...
ശാക്തിക വിഭാഗീയത തലപ്പന്തുതട്ടാന്‍,
ചാവേറായണികളും, ഇനിയുമെത്ര...!

അനിവാര്യത:
മനസ്സിന്‍ പ്രരൂഢവിശ്വാസങ്ങളൊക്കെ,
നെയ്തെടുക്കുന്നോരൂടും, പാവും,
കടപുഴയ്ക്കുന്നോരടിയൊഴുക്കുകള്‍,
ഉടലാര്‍ന്നുറയും മുമ്പേയൊട്ടറിഞ്ഞില്ല...!
“ഡെമോക്ലീസി”ന്‍ വാളില്‍ നിന്നൊഴിയവേ,
പിടിയാനയ്ക്കൊരുക്കിയ, ചേര്‍വാരിക്കുഴിയില്‍,
ഇടറിനിപതിച്ചൊരു കൊമ്പനുചുറ്റും,
താപ്പാനക്കൂട്ടങ്ങള്‍ വിധികല്‍പ്പിക്കുന്നു...!!
ശുഭം!

15 comments:

krish | കൃഷ് said...

ആധുനിക ദൈവങ്ങളും,പൂജാവിധികളും.
കൊള്ളാല്ലോ.

ശ്രീ said...

കൊള്ളാം
:)

പ്രയാസി said...

സംഭവം നന്നായി..:)

ഹരിശ്രീ said...

സതീര്‍ത്ഥ്യാ...

ഇത്തവണയും മനോഹരമായിട്ടുണ്ട്...

ആശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മനോഹരം..
മൂര്‍ച്ചയുള്ളതും !

ഉപാസന || Upasana said...

കൃഷ് ഭായ് പറഞ്ഞതിന് താഴെ ഒരൊപ്പ്
കൊള്ളാം സതീര്‍ത്ഥ്യന്‍
:)
ഉപാസന

മഴതുള്ളികിലുക്കം said...

സതീര്‍ത്ഥ്യന്‍...

വീണ്ടും കണ്ടതില്‍ സന്തോഷം

വിക്രിയകള്‍ മനോഹരമായിരിക്കുന്നു...


നന്‍മകള്‍ നേരുന്നു

siva // ശിവ said...

കവിത ഇഷ്ടമായി...അഭിനന്ദനങ്ങള്‍...നല്ല അര്‍ഥപൂര്‍ണമായ വരികള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചടുലമായ വരികളും തീക്ഷ്ണമായ അര്‍ത്ഥങ്ങളും.

അഭിനന്ദങ്ങള്‍ നമ്പ്യാരേ

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, നല്ല വരികള്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും കര്‍മ്മങ്ങളും നിറഞ്ഞിരിക്കുന്നൂ,,
വളരെ തീക്ഷ്ണമായ പ്രക്രിയകള്‍ അടങ്ങിയിരിക്കുന്നൂ.. എഴുതൂ ഇനിയും ഇനിയും.. എല്ലാ നന്മകളും നേര്‍ന്നുകൊണ്ട് സസ്നേഹം സജി..

ശെഫി said...

കവിത പറഞ ആ സ്റ്റൈല്‍ അതെനിക്കിഷ്ടപ്പെട്ടു

മാധവം said...

ക്ഷുരസ്യ ധാര....മനോഹരം

ഗീത said...

ഒരഞ്ചു വട്ടം ഞാന്‍ വായിച്ചു മുഴുവനുമങ്ങ് ഉള്ളില്‍ കയറാന്‍.

ഗംഭീരം! ഗംഭീരം!!

Rejesh Keloth said...

ഈ തിരക്കേറിയ യാത്രയ്ക്കിടയില്‍, ഈ കുഞ്ഞുവഴിയമ്പലത്തിലെത്തി, അല്പം നേദ്യച്ചോറുണ്ട്, നിറഞ്ഞമനസ്സോടെ ആത്മഗതം ചെയ്ത ഏവര്‍ക്കും ഹൃദയംഗമായ കൃതജ്ഞത രേഖപ്പെടുത്തട്ടെ... നന്ദി...