Friday, October 24, 2025

കേരളം, അഭിവാദ്യങ്ങൾ


കൈരളീ ഭൂവാം ഹരിതതമ്പുരുവിലുണരും,
നാദബ്രഹ്മമെൻ നിർവൃതി; അതിലേറെയായ്, 
അതു മീട്ടുവാൻ തുടിക്കുന്ന വിരലുകൾക്കൊപ്പം, 
ഇടറുന്ന ഹൃദയതാളത്തിൽ വിറയുന്ന വാക്കുകളോ? 

ആഴിയാം തോട്ടിൽ തണ്ണീർ തേവുന്ന, 
നിഷ്കളങ്കയാം ബാല്യമോ, അതോ 
നനുത്തമഞ്ഞിന്റെ നേർത്തയുടയാടകൾ, 
അലക്ഷ്യമായണിയും യൗവ്വനമോ? 
സഹ്യന്റെ വിരിമാറിൽ തലചായ്ച്ചുറങ്ങും, 
വിവശയാം പ്രണയഭാജനമോ, അതോ 
അഴിഞ്ഞ മടിക്കുത്തടുക്കി പിടിച്ച് 
മക്കൾക്കായ് പൊരുതുന്ന മാതൃത്വമോ? 

വർഗബോധമുയിർകൊണ്ട കേദാരങ്ങളിൽ, 
നിണപ്പാടുകൾ, രൂക്ഷരുധിര ഗന്ധങ്ങൾ! 
തൊഴിലാളി തൊഴിലധിപതിയാകുന്ന, 
തൊഴിലിടങ്ങളിലും പുഴുക്കുത്തുകൾ! 
പ്രരൂഡവിശ്വാസപാളികളിൽ പോലും, 
ചെമ്പുതെളിയും പകൽകൊള്ളകൾ! 
വെട്ടിത്തെളിക്കുന്ന വ്യാജവീഥികളിലെങ്ങും, 
പാദങ്ങളിടരും പഥികവിലാപങ്ങൾ! 

നിന്റെ സീമന്തരേഖയിലെ സിന്ദൂരവും, 
ഉടുത്ത പൂഞ്ചേലയും, കാലടികളിലെ മണ്ണും, 
കവരുവാൻ ഉന്മത്ത കാപാലികർ ചുറ്റിലും, 
ഒപ്പമവരുടെ സ്തുതിപാടകവൃന്ദവും! 
വിഷലിപ്തക്കാഴ്ചകളാൽ ഇമചിമ്മും, 
ഇരുട്ടിന്റെ ആത്മാവ് വിലപിക്കവേ, 
വിലപേശലുകളും, വിശ്വാസവഞ്ചനകളും, 
നിനക്കൊരു പൊയ്മുഖം തീർക്കുന്നു! 

നിനക്കായ് രാജസൂയമൊരുക്കാൻ, ഞാനാളല്ല; 
നിന്റെ വിധിയിൽ, നിനക്കഭിവാദ്യങ്ങൾ!

2 comments:

Anonymous said...

കേരളത്തിന്റെ ഇന്നത്തെ ചിത്രം

Anonymous said...

Nice