ഓര്‍മ്മയില്‍ സ് നേഹനന്മുത്തുകള്‍ തിരയവെ,
ജീവനില്‍ ഞാന്‍ നിന്റെ പദനിസ്വനം കേട്ടു...
തെളിഞ്ഞവര്‍ണ്ണങ്ങളാലതിനു മിഴിവേകാന്‍ തുനിയവേ,
ഉണര്‍ന്നസ്വരങ്ങളായ് നീയെന്നരികില്‍ വന്നു...
അകക്കണ്ണിന്‍ നിറമാര്‍ന്ന കാന്‍ വാസുകളില്‍,
മനസ്സാം തൂലിക നിന്‍ ചിത്രങ്ങള്‍ തീര്‍ത്തു...
ഒരു ജന്മസാഫല്യ വരദാനമെന്നപോല്‍,
നിന്‍സ്വരരാഗം, പുതുമഴയായ് പെയ്തിറങ്ങി...
ഒഴുകിയെത്തിയ കൈവഴികളൊന്നായ്, ജീവന്റെ
നീലസാഗരത്തില്‍ നിപതിക്കും മുന്നെ,
നീര്‍കണങ്ങളൊന്നുചേര്‍ന്നിറുകെ പുല്‍കി,
ഇടചേര്‍ന്നു, കൈകോര്‍ത്തു മുന്നോട്ടൊഴുകുവാന്‍...
പ്രണയമര്‍മ്മരങ്ങളുടലാര്‍ന്നതെവിടെ?
ഹൃദയം ഹൃദയത്തോടിണചേര്‍ന്നതെപ്പോള്‍?
അറിഞ്ഞില്ലൊന്നും; എപ്പൊഴോ നിനവില്‍,
ജീവിതരഥ്യയില്‍, തോളോടുതോള്‍ ചേര്‍ത്തു നാം...
ചാറ്റല്‍ മഴചിതറും, കാറ്റ് ചാമരം വീശും, പുലരിയില്‍,
പിന്നെ ഞാന്‍ എന്റെ പ്രണയിനിയെ കണ്ടു...
കണ്ണിമയ്ക്കാതെ ഞാന്‍ നോക്കിനിന്നു..
നെഞ്ചോടു ചേര്‍ത്തു ഞാന്‍ സ്വന്തമാക്കി...
വെള്ളിമേഘം വെണ്ണിലാവില്‍ ചാലിച്ചകൂട്ടില്‍,
ഇന്ദ്രനീല ശോഭയലിയിച്ചു ചേര്‍ത്ത്,
തൂമഞ്ഞിന്‍ വെണ്‍പട്ടില്‍ ചന്ദനം താളിച്ച,
തളിരിലയില്‍ താമരത്തണ്ടുകൊണ്ടെഴുതി;
നിന്‍ ചിത്രം: പിന്നെ, നിന്നെയൊരുക്കി,
എനിക്കായ്, എന്‍ പ്രാണപ്രേയസ്സിയായ്...
തേനൂറും മൃദുസ് മേരമോടെ, കണ്‍കോണില്‍-
വിരിയും കുറുമ്പിന്‍ ചിനുങ്ങും മുത്തുകളോടെ,
നാസികാഗ്രത്തില്‍ ചെറുകോപശോണിതത്തോടെ,
നിന്നവള്‍, ഞാനാ കരം ഗ്രഹിച്ചു; നിറഞ്ഞമനസ്സുമായ്...
Saturday, November 24, 2007
Subscribe to:
Post Comments (Atom)
1 comment:
കാന്‍ വാസുകളില്‍ ചേര്‍ത്തെഴുതൂ...
നല്ല വരികള്‍.
Post a Comment