Sunday, January 6, 2008

ഇത്തിരി നേരം

(1)
തുലാമഞ്ഞിന്‍ തൂവല്‍ക്കുടിലില്‍,
തുഷാരങ്ങളില്‍ തിരിചാര്‍ത്തുന്നൊരാ,
ഇളംസൂര്യന്റെ സ്നേഹകിരണങ്ങള്‍ക്കും,
വൃശ്ചികപ്പുലരിക്കുമായ് കാത്തുനില്‍ക്കേ...

നനുത്തവെട്ടത്തില്‍, നടുമുറ്റത്തായ്,
ആലസ്യത്തിന്‍ ചാരുപടിയില്‍ക്കിട-
ന്നുണങ്ങിത്തുടങ്ങിയ തുളസിയും, തറയും,
പ്രായത്തിന്‍ “Sepia Tone”ല്‍ ഞാന്‍ കണ്ടു...
(2)
വരണ്ടുതുടങ്ങിയ, കണ്ണീര്‍പ്പാടങ്ങളിലും,
വിണ്ടുതുടങ്ങിയോരോര്‍മ്മപ്പറമ്പിലും,
തിമിരം ബാധിക്കാത്തോരകക്കണ്ണിലും,
നഷ്ടസ്വപ്നങ്ങളുടെ വേലിയേറ്റങ്ങള്‍...

നിഴല്‍ വീണയഗ്രഹാരത്തിന്റെ വാതില്‍ തുറ-
ന്നൊരു പനിമതിരാവും കടന്നുവന്നീലാ...
പൊഴിഞ്ഞുവീണ പനിനീര്‍ദളങ്ങളുടെ,
വര്‍ണ്ണനിദാനങ്ങള്‍ ആരും തിരക്കീല...
(3)
നേര്‍ത്ത ദാമ്പത്യം പടിയിറക്കി-
ക്കൊണ്ടുപോയ സൌഭാഗ്യങ്ങളൊന്നുമേ,
തിരിച്ചെടുത്തേകുവാനൊട്ടുമായില്ല ;
മക്കളേ, നിങ്ങളീയച്ഛനു മാപ്പുനല്‍കൂ...!

നിറഞ്ഞസ്നേഹവും, വിദ്യാനിവേദ്യവും,
മനസ്സാഭുജിച്ചു ജീവരഥ്യതെളിച്ചതില്‍,
മക്കളേ, അച്ഛന്‍ കൃതാര്‍ത്ഥനായ് ;
മിഴിനീരുപ്പുചേര്‍ത്തനുഗ്രഹങ്ങള്‍...
(4)
കാതങ്ങള്‍ അകലെയാണെങ്കിലും,
ചേക്കേറിയ ചില്ലകളില്‍ കൂടുകൂട്ടി,
നെട്ടോട്ടമോടവേ, നേരമൊട്ടില്ലെന്നാലും,
തണ്ടക്കിളിയേയും കൂടെ നിര്‍ത്തി...

ജന്മസുകൃതങ്ങളും, പിതൃക്കളുമുറങ്ങുന്ന,
മണ്ണില്‍നിന്നൊരു പുന:പ്രതിഷ്ഠ ; പിന്നെ,
കാലത്തിനൊപ്പമെത്താനൊരു പാഴ് ശ്രമം;
തിരിച്ചനിവാര്യമാമീ, ഏകാന്തവഴികളില്‍...!
(5)
കഴിഞ്ഞ ഡിസംബറില്‍, കുഞ്ഞുമോണകാട്ടി,
പുഞ്ചിരിച്ചോരോന്നും, കുറുകിമൊഴിഞ്ഞ,
കൊച്ചുമോളെ, ക്കോരിയെടുത്തുപുല്‍കാന്‍,
നെഞ്ചകമാകെ തുടിക്കുന്ന പോലെ...

ഇന്നീ ഡിസംബറും, വര്‍ഷവും കൊഴിയവേ,
മനസ്സിനുള്ളില്‍ കുഞ്ഞുമോഹങ്ങള്‍ മാത്രം..
എല്ലാമുഖങ്ങളും, ഇടയ്ക്കൊന്നു കാണണം,
ഒത്തുചേര്‍ന്നെന്നെങ്കിലുമൊരിത്തിരി നേരം...

15 comments:

Rejesh Keloth said...

ജീവിതാസ്തമയത്തില്‍ ഏകന്തത ഒരു ശാപം തന്നെ... സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം അനിവാര്യതയാവുമ്പോള്‍, സ്വയം തിരഞ്ഞെടുത്ത വഴികളും, ഒരു തിരിഞ്ഞുനോട്ടം പ്രേരിപ്പിക്കുന്നു... ഒരു ഫിലിം റീല്‍ എന്നപോല്‍ ജീവിതം, അപ്പോള്‍ ഗോചരമാകുന്നു...

Sharu (Ansha Muneer) said...

“ജന്മസുകൃതങ്ങളും, പിതൃക്കളുമുറങ്ങുന്ന,
മണ്ണില്‍നിന്നൊരു പുന:പ്രതിഷ്ഠ ; പിന്നെ,
കാലത്തിനൊപ്പമെത്താനൊരു പാഴ് ശ്രമം;
തിരിച്ചനിവാര്യമാമീ, ഏകാന്തവഴികളില്‍...!“
നല്ല വരികള്‍

ഗിരീഷ്‌ എ എസ്‌ said...

കവിത ഇഷ്ടമായി
യാഥാര്‍ത്ഥ്യത്തിന്റെ
മനോഹാരിതക്ക്‌ അഭിനന്ദനങ്ങള്‍

ഉപാസന || Upasana said...

ishTamaay varikaL
:)
upaasana

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജീവിതസായാഹ്നത്തിലെ ഏകാ‍ന്തത ഏറെ വിരസമാണ്.യാഥാര്‍ത്ഥ്യം തുളുമ്പുന്നു വരികളിലുടനീളം...

ഭാവുകങ്ങള്‍

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍.
പ്രായത്തിന്‍ “Sepia Tone” എന്നുള്ളത് എനിക്ക് ഇഷ്ടപ്പെട്ടു.
ആശംസകള്‍.

ശ്രീ said...

"എല്ലാമുഖങ്ങളും, ഇടയ്ക്കൊന്നു കാണണം,
ഒത്തുചേര്‍ന്നെന്നെങ്കിലുമൊരിത്തിരി നേരം..."

നന്നായിരിയ്ക്കുന്നു മാഷേ... നല്ല വരികള്‍!
:)

krish | കൃഷ് said...

അവസാനത്തെ വരികള്‍ ഇഷ്ടമായി.

കണ്ണൂരാന്‍ - KANNURAN said...

അര്‍ത്ഥവത്തായ വരികള്‍

നിലാവര്‍ നിസ said...

കവിതയുടെയും ആഗ്രഹങ്ങളുടെയും സഫലതക്കായി പ്രാര്‍ഥിക്കുന്നു,,

ഹരിശ്രീ said...

കാതങ്ങള്‍ അകലെയാണെങ്കിലും,
ചേക്കേറിയ ചില്ലകളില്‍ കൂടുകൂട്ടി,
നെട്ടോട്ടമോടവേ, നേരമൊട്ടില്ലെന്നാലും,
തണ്ടക്കിളിയേയും കൂടെ നിര്‍ത്തി...

മനോഹരം.....

ആശംസകള്‍...

Rejesh Keloth said...

പ്രോത്സാഹനങ്ങള്‍ തന്നനുഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...

ഗീത said...

വഴിതെറ്റിവന്നതാണോന്നറിയില്ല, പുതിയ പോസ്റ്റിനെക്കുറിച്ചൊരു മെയില്‍ എന്റെ കമ്പ്യൂട്ടറിലുമെത്തി. അങ്ങയെയാണിവിടെ വന്നത്‌.

കവിത വായിച്ചു...
മക്കളെപിരിഞ്ഞിരിക്കുന്ന ഒരഛന്റെ ദു:ഖം മനസ്സില്‍ ഒരു നൊംബരമായി വീണുകിടക്കുന്നു...

കവിത നന്നായിരിക്കുന്നു സതീര്‍ത്ഥ്യന്‍.

ഈ പേജില്‍ കണ്ട ബാക്കി പോസ്റ്റുകളും വായിച്ചു.

പ്രയാസി said...

"ഇന്നീ ഡിസംബറും, വര്‍ഷവും കൊഴിയവേ,
മനസ്സിനുള്ളില്‍ കുഞ്ഞുമോഹങ്ങള്‍ മാത്രം..
എല്ലാമുഖങ്ങളും, ഇടയ്ക്കൊന്നു കാണണം,
ഒത്തുചേര്‍ന്നെന്നെങ്കിലുമൊരിത്തിരി നേരം..."

ഏകാന്തത ശെരിക്കും അനുഭവിക്കുന്ന ഒരു പ്രവാസിയാ ഞാന്‍..:)

സതീര്‍ഥ്യാ എല്ലാം ശെരിയാകും..നല്ല കവിത..:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആദ്യമായ ഈ ബ്ലോഗില്‍ വരുന്നെ....
കുഞ്ഞുമോഹങ്ങള്‍ നമുക്കായ് തന്നോരീ ഓര്‍മകള്‍.
മഞ്ഞിന്‍ കണങ്ങളിലൂടെ സൂര്യരശ്മികള്‍ അരിച്ചിറങ്ങുന്ന ഡിസംബറിന്റെ നഷ്ടവും ഇനി നമുക്ക് സ്വന്തം...
നയിസ് ഡിയര്‍.... ആശംസകള്‍.!!