Friday, May 15, 2009

നമുക്കു പിരിയാം

പ്രണയാശ്വമേധത്തിന്‍
വീഥികളിലെവിടെയോ
ഹൃദയത്തില്‍ വിഷലിപ്ത
കനല്‍ ക്കുത്തേറ്റു...!

ആദ്യസോപാനത്തില്‍
കൊളുത്തിയ നെയ്ത്തിരി,
ഹോമാഗ്നിയായ്
നീര്‍മിഴികളിലും തീപടര്‍ത്തി...!

പൊള്ളയാം സാമൂഹ്യനീതിയുടെ
അത്യുഷ്ണവേഗത്തില്‍ -
ആദര്‍ശഭാണ്ഡങ്ങള്‍ ,
വ്യക്തിബന്ധങ്ങള്‍ -
എല്ലാം എരിഞ്ഞടങ്ങുന്നു; കൂടെ,
അനാദിപ്രണയത്തിന്‍
നാഭിയിലുയിര്‍ക്കൊണ്ട താമരയും...

ആരോതീര്‍ത്ത,
ചോരമണക്കുന്ന, പായല്‍ പിടിച്ച
കല്‍ക്കെട്ടുകള്‍ തകര്‍ക്കാന്‍
വിപ് ളവവീര്യം ത്രസിക്കേ
പിന്‍ വിളിയായൊരു നേര്‍ത്ത സ്വരം
“നമുക്കു പിരിയാം” എന്നു മന്ത്രിച്ചു...!

കാരണമറിയാത്തയിവിടെ,
ശിഷ്ടവികാരത്തിന്‍ വ്യാപ്തിനോക്കുമ്പോള്‍
വേദന,
മുളയില്‍ കരിയുന്ന പൂവിനോ, അതോ,
നറും പൂവിറുക്കുമ്പോള്‍ തായ് ചെടിക്കോ... ?