ബാംഗളൂര്‍ നീ സുന്ദരിയാണ്! നിന്നെത്തട്ടിവരുന്ന കാറ്റിന് ഒരു മാദക ഗന്ധമാണ്... പച്ചനോട്ടിന്റെ മണത്തില്‍ foreign perfume ഗന്ധം മേമ്പൊടി ചേര്‍ത്തൊരു ഫ്യൂഷന്‍ സുഗന്ധം... ചുറ്റിലും ഒരു കാന്തിക വലയം... അറിയാതെ അടുത്തെത്തുന്നവരെ പോലും, നിന്നിലലിയിക്കുന്ന ഈ ആകര്‍ഷണം നീ എങ്ങനെ തീര്‍ത്തു?
ഒരു നിയോഗം പോലെ, ശൈത്യകാലത്തെ ഒരു പ്രഭാതത്തില്‍, നിന്നെത്തേടി ഞാനുമെത്തി. ഇഴഞ്ഞു നീങ്ങിയ ബസ്സില്‍ നിന്നും തത്രപ്പെട്ടു പുറത്തിറങ്ങുമ്പോഴേക്കും, കടുത്ത തണുപ്പ് എന്നെ പിടികൂടി. അതു തടയാന്‍ ഒന്നും കൈയ്യില്‍ കരുതിയിരുന്നുമില്ല. കൂട്ടിയിടിക്കുന്ന പല്ലുകളെ അടക്കി നിര്‍ത്താന്‍ ഞാന്‍ പാടുപെട്ടു. അറിയാത്ത ഒരു ഭാഷാ base ല്‍, മുറിത്തമിഴും, fillet ചെയ്ത കുറച്ചു മലയാളം വാക്കുകളും ചേര്‍ന്ന ശബ്ദാവലികള്‍ ചെവിയില്‍ തട്ടിയിട്ടും, തലയ്ക്കകത്തു കയറാതെ നിന്നു. ലക്ഷ്യം വച്ചു വന്ന address തേടി, ഞാന്‍ കയറിയ ഓട്ടോ ചലിച്ചുതുടങ്ങിയപ്പോള്‍, അന്ന് ശീതക്കാറ്റേറ്റ് ഞാന്‍ വിറച്ചു... ഇന്നിപ്പോള്‍ ഡിസംബറില്‍ പോലും നിനക്കെന്നെ തണുപ്പിക്കാന്‍ കഴിയാതെ വരുന്നു..
നിന്നെ ഞാന്‍ കുറ്റം പറയില്ല... കുറ്റം നമുക്ക് Globalization നും, Global Warming നും നല്‍കാം... നീയെനിക്ക് എന്നും പ്രിയപ്പെട്ടവളല്ലേ...
Computer തരംഗങ്ങള്‍ നിന്റെ സിരകളിലൂടൊഴുകുമ്പോള്‍ ഏതോ ഒരു നിര്‍വൃതിയോടെ നീ തരളിതയാവുന്നു! അതിന്റെ ആവേഗത്തില്‍ ഞാനും പങ്കുചേര്‍ന്നു എന്നറിഞ്ഞാല്‍ നിനക്കു സന്തോഷമാവില്ലേ..? അല്ലെങ്കില്‍ ഞാനെന്തിനു പറയുന്നു; എല്ലാം നീ അറിയുന്നുണ്ടല്ലൊ!! പക്ഷേ, സ്വാര്‍ത്ഥതാല്പര്യങ്ങളുടേയും, ആഡംബരക്കാറുകളുടേയും ആധിക്യം കാരണം നീ വീര്‍പ്പുമുട്ടുന്നതു ആരും അറിയുന്നില്ലല്ലോ? അറിഞ്ഞതായ് ഭാവിക്കുന്നില്ലല്ലോ?... ശൈശവത്തില്‍ നിന്നെ താലോലിച്ചവര്‍ക്കും, യൌവ്വനത്തില്‍ നിന്നെ സ് നേഹിച്ചവര്‍ക്കും, നിന്റെ അകാലവാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുനില്‍ക്കാനാവില്ല... എനിക്കും... കാരണം ഞാനും നിന്നെ സ് നേഹിക്കുന്നു...
സംസ്കാരങ്ങളുടെ പരിഛേദനങ്ങളും, സന്നിവേശങ്ങളും നീ എത്ര കണ്ടു.. ധനികന്‍ ധനികനായും, ദരിദ്രന്‍ ദരിദ്രനായും വളരുന്നു.. അങ്ങനെ വലിയ ധനികനും, വലിയ ദരിദ്രനും എത്രയേറെ ഉണ്ടാവുന്നു.. നിന്നെ സ് നേഹിക്കാനെത്തിയവര്‍ തന്നെ നിന്നെ കളങ്കപ്പെടുത്താനായ് ശ്രമിക്കുന്ന കാഴ്ച്ചയും ഞാന്‍ കണ്ടു.. പക്ഷേ, നിന്നെ കളങ്കപ്പെടുത്താനോ, മലിനമാക്കനോ, നിന്നെ
സ് നേഹിക്കുന്നവര്‍ സമ്മതിക്കില്ല.. എങ്കിലും, നിന്നെ വധിക്കാന്‍ ശ്രമിക്കുന്ന ചാവേറുകളെ, കരളുറപ്പോടെ തടയാന്‍ മുന്നിട്ടിറങ്ങുന്നവര്‍ എത്ര പേരുണ്ടാവും നിന്റെ കാമുകവൃന്ദത്തില്‍.. എന്തുതന്നെയായാലും, നീ എല്ലാവരേയും സ് നേഹിച്ചു...
ഒടുവില്‍ നിന്നെ പ്രലോഭിപ്പിച്ച് നിന്റെ കഴുത്തില്‍ മിന്നുകെട്ടിയ രാഷ്ടീയക്കാരന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. പുഴുത്ത നോട്ടുകെട്ടുകള്‍ക്ക് വേണ്ടി, അവന്‍ ആര്‍ക്കെല്ലാം നിന്നെ കാഴ്ച്ചവെച്ചു എന്നും എനിക്കറിയില്ല... പക്ഷേ, എണ്ണിയാല്‍ തീരാത്തത്ര രാഷ്ട്രീയക്കുഞ്ഞുങ്ങളെ നീ പെറ്റിട്ടു.. മുലപ്പാലിനൊപ്പം നിന്റെ ചോരയും നീരും വറ്റുന്നത് നീ അറിഞ്ഞോ? നിന്നെ വെട്ടിമുറിച്ച് വോട്ടുബാങ്കുകളാക്കിയും, നിന്നെ വിറ്റ് സമ്പാദ്യം ബാങ്കുകളിലിട്ടും നിന്റെ മക്കള്‍ വളര്‍ന്നുവന്നത് നീ അറിഞ്ഞോ? നിറുകയിലെ സിന്ദൂരത്തിനരികെ, വെള്ളിവരകള്‍ തെളിയുന്നത് നീ കാണുന്നുണ്ടോ? അപ്പോഴും നീ എല്ലാവരേയും സ് നേഹിച്ചു...!
നിനക്കുവേണ്ടി ചില ശബ്ദങ്ങള്‍ ഉയരുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്.. വളരെ നേര്‍ത്ത സ്വരമാണെങ്കില്‍ കൂടി, ഞാനും അതില്‍ പങ്കുചേരാം.. കാരണം നിന്നെ വെറുക്കാന്‍ എനിക്കാവില്ല..
നീയെനിക്കു പ്രണയത്തിന്റെ വാടാമല്ലികള്‍ തന്നു... നെടുവീര്‍പ്പുകള്‍ കൈമാറാന്‍ ചോലകള്‍ തന്നു...
ഒരുപാട് ബന്ധങ്ങളും, സൌഹൃദങ്ങളും, സ് നേഹവും തന്നു... നിന്നില്‍ പടരുവാനായുന്ന കാലുഷ്യം പ്രണയത്തില്‍ പടര്‍ന്നുവെങ്കിലും, നീയെനിക്ക് പ്രതീക്ഷകള്‍ തന്നു... മറക്കാനാഗ്രഹിക്കുന്ന ഒരു രാത്രിയില്‍ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന എന്നെ നിന്റെ മക്കളാരും തിരിഞ്ഞുനോക്കിയില്ലെങ്കിലും, നീയെനിക്ക് നാലുമാസത്തെ അവധിക്കാലം തന്നു...
കാതങ്ങള്‍ അകലെയിരുന്ന് ഞാന്‍ പറയട്ടെ; പ്രിയ ബാംഗളൂര്‍, ഇപ്പൊഴും ഞാന്‍ നിന്നെ സ് നേഹിക്കുന്നു...
No comments:
Post a Comment