ആം ആദ്മി
വ്രണിത ഹൃദയൻ ഞാൻ -
കാലം നൽകും കൂർത്ത
ദന്തക്ഷതങ്ങളാൽ -
മധുരോർമകൾ ലേപനം ചെയ്യും
ആതുരാലയം തിരയുന്നു...
ബധിരനാം അന്തർമുഖൻ ഞാൻ -
ഇടം വലം ഉയരുന്ന
ഉച്ചനീചത്വ കവചങ്ങളാൽ -
കറുത്ത പാളികൾ തച്ചുടക്കും
കല്പണിക്കാരെ തേടുന്നു...
മൂകനാം അശക്തൻ ഞാൻ -
വിഷലിപ്ത സമൂഹമദ്ധ്യേ
വിറങ്ങലിച്ച വിലക്കുകൾക്കിടയിൽ -
ബന്ധനങ്ങൾ അറുത്തെടുക്കും
ലോഹപ്പണിക്കാർക്കായ് കേഴുന്നു...
അന്ധനാം അധൈര്യൻ ഞാൻ -
നേരുമറയ്ക്കുന്ന, നേരറിയാത്ത
വെള്ളിവെളിച്ച കാഴ്ചകളാൽ -
നേരുകാക്കുന്ന തണലൊരുക്കും
വിശ്വകർമാക്കളെ തേടുന്നു...
ഞാൻ ആരെന്നറിയില്ലേ ???
എന്റെ പേരാണ് "ആം ആദ്മി (Aam Aadmi )"
No comments:
Post a Comment