സവ്യസാചി നടപ്പിന് വേഗം കൂട്ടി.. തൊട്ടാവാടികളെ ചവിട്ടിയുറക്കി, ഊടുവഴിയിലൂടെ മുന്നോട്ട്.. ഇന്നെന്തായാലും അരമണിക്കൂര്‍ മുന്നെ എത്തണം.. ഷിജു എസ്. പണിക്കരുടെ ചിത്രത്തില്‍ മുഖം കാണിക്കാന്‍ പറ്റുന്നത് ചില്ലറക്കാര്യമാണോ?
കാലമെത്രയായി, കല, നാടകം എന്നൊക്കെ പറഞ്ഞു നടക്കുന്നു.. PWD ടീമിന്റെ കൂടെ ഒരു നിഴലായ്.. SSLC കഴിഞ്ഞയുടന്‍, സര്‍വീസിലിരുന്ന് ദിവംഗതനായ അപ്പന്റെ ജോലി കിട്ടിയതാ.. കലയെ വിടാതെ കൂടെ കൂട്ടി.. അതില്‍പ്പിന്നെ കുടുംബമുണ്ടാക്കനുള്ള തത്രപ്പാടിലായിരുന്നു.. മക്കള്‍ പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് മാറി ചിന്തിക്കാന്‍ തുടങ്ങിയത്.. നീണ്ട കലായാത്രക്കിടയില്‍ കിട്ടിയ കഥാപാത്രങ്ങളെ ( തെണ്ടി, ഇടിയന് പോലീസ്, ഹനുമാന് etc. ) മനസ്സിലും, കാലം കൈവച്ചു തുടങ്ങിയ ഫോട്ടോകള്‍ കണ്ണിലും വച്ചു താലോലിച്ചു.. പിന്നെ അമാന്തിച്ചില്ല.. കലാപ്രതിഭ മകനേയും, കലാതിലകം മകളേയും വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.. ഒരു പരിധിവരെ വിജയവും കണ്ടു.. പക്ഷെ, ക്ലാസ്സുകള്‍ കയറിവരുമ്പോള്‍ ചിലവുകള്‍ക്കെതിരേ താന്‍ പടവെട്ടുകയായിരുന്നില്ലേ?
നടത്തം ഒറ്റവരമ്പില്‍ കൂടിയായി.. തവളകള്‍ നിര്‍ത്താതെ കരഞ്ഞു, ചീവീടുകളുടെ അകമ്പടിയോടെ.. ഈശ്വരാ, ഇവറ്റകളെ തിരഞ്ഞ് പാമ്പുകളും ഇറങ്ങിക്കാണുമോ? ദേവീ, കാത്തോളണമേ...
വരമ്പുകടന്നാല്‍ തോട്ടുംകരയാണ്.. ഒരു 2 കി. മീ. കാണും കോറോത്തെ വയലിലെത്താന്‍.. അവിടാണ് ഷൂട്ടിങ്.. അറിയാതെ അയാള്‍ പിന്‍കഴുത്തും, കവിളും ഒന്ന് തലോടി.. ആ ബുദ്ധിജീവി ലുക്ക് തന്റെ ഐഡന്റിറ്റിയായിരുന്നോ? പുറത്തിറങ്ങിയാല്‍ ആളുകള്‍ തന്നെ തിരിച്ചറിയുമോ? മുഖം വെള്ളിത്തിരയില്‍, നാലാളുകള്‍ കാണില്ലേ? ഒരു നെടുവീര്‍പ്പില്‍ ഉത്തരങ്ങള്‍ എല്ലാം ഒതുങ്ങി... മക്കള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്തു.. തനിക്കുവേണ്ടി ഇത്രയെങ്കിലും ആവാമല്ലോ?
കോറോത്ത് ഒരു ബഹളം തന്നെ നടക്കുന്നു.. മാറിപ്പോയോ? ഇന്ന് വല്ല കമ്മ്യൂണിസ്റ്റ് യോഗമോ മറ്റോ ഉണ്ടായിരുന്നോ? ഓര്‍മ്മയിലില്ല.. മുന്നോട്ട് തന്നെ നടന്നു.. പ്രൊഡക്ഷന്‍ മാനേജര്‍ക്ക് ഇന്നലെ കണ്ട ഭാവം പോലുമില്ല.. താനല്ലെ, ഇന്നലെ കുളത്തിലെ വെള്ളമെടുക്കാന്‍ അനുവാദം വാങ്ങിക്കൊടുത്തത്..
“ താനെന്താടോ കൊണ്ടുവന്നത് ? കോഴിയോ, ആടോ അതോ പോത്തോ ?“
മാനേജരുടെ ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകളുടെ പൊരുള്‍ പിടികിട്ടിയില്ല..
“ദാ, ആ ഭാഗത്തുണ്ട്.. കാഴ്ച്ചകളെല്ലാം അവിടാ വച്ചേക്കുന്നെ.. ആടിനേം, കോഴീനേം കൊടുത്ത് ചാന്‍സ് മേടിക്കാന്‍ വരുന്നോരെ ആദ്യമായ് കാണുകയാണെന്റീശോയേ...!”
അപ്പൊ, അതാണു കാര്യം.. കലയെന്നു കേള്‍ക്കുമ്പോള്‍ നാലും കൂട്ടി മുറുക്കിത്തുപ്പുന്നവനും, സിനിമയെന്നു കേട്ടപ്പോള്‍ തരിപ്പിളകിക്കാണും.. അല്ലേ ഇതാരൊക്കെയാ ഇത്.. വലക്കാരന് ദാമു, മീങ്കാരന് അസീസ്, ചെത്തുകാരന് കിട്ടന്, ദമോദരന് മാഷ്, ബ്രോക്കര്‍ ചീരാന്‍... എല്ലാവരും പട്ടാളവേഷത്തില്‍... ദേവിയേ, താന്‍ വൈകിയോ?
"സവിയേട്ടാ, നാളെ അമ്പലത്തില്‍ മോന്റെ മോഹിനിയാട്ടണ്ടല്ലേ?"
ബ്രോക്കര്‍ ചീരാന്റെ കുശലാന്വേഷണം.. കലിയങ്ങ് കയറി വരുന്നു.. ഇവനൊന്നും വേറെ പണിയില്ലേ? അല്ലെങ്കിലെന്തിന് അവരെ പറയണം... നാലാളുകൂടുന്നിടത്തെല്ലാം തന്റെ മക്കളെപ്പറ്റി പറയാറുണ്ടായിരുന്നു.. എന്തൊക്കെ സ്വപ്നങ്ങളാണു കണ്ടത്.. കെട്ടിച്ചുവിട്ടേപ്പിന്നെ, മകള്‍ കലയെ കൈവിട്ടു.. പിന്നെയെല്ലാം മകനായിരുന്നു.. പൊന്നുപോലെയാണ് പോറ്റിവളര്‍ത്തിയത്.. ഒന്നിനും ഒരു കുറവും വരുത്തിയില്ല... എന്നിട്ടും, തന്റെ മുഖത്ത് ചെളിവാരിയെരിഞ്ഞതു പോലല്ലെ, തന്നേക്കാള്‍ പ്രായമുള്ള നാടകനടിയോടൊപ്പം അവന് ഇറങ്ങിപ്പോയത്.. നാളെ അവന്റെ കല്യാണാത്രേ...!
“ദേ, ചീരേട്ടാ...!”
പ്രതിഷേധം ഒരു നോട്ടത്തിലൊതുക്കി, സവ്യസാചി പട്ടാളക്കാരനായിത്തുടങ്ങി.. ഏതോ പുതിയ കലാസപര്യയ്ക്ക് നാന്ദികുറിക്കും വണ്ണം.. പിന്നെ, ആക്ഷന്‍, കട്ട് വിളികള്‍ക്കിടയില്‍, കോറോത്തെ കുളത്തില്‍ നിന്നും പമ്പ് ചെയ്യുന്ന കൃത്രിമമഴയിലും, ഫാനുകള്‍ സൃഷ്ടിച്ച കൊടുങ്കാറ്റിലും, സെറ്റിട്ട കുടിലുകള്‍ക്കിടയില്‍ അയാള്‍ ദുരിതാശ്വാസപ്രവര്‍ത്തനം തുടങ്ങി.. ഒടുവില്‍, തലതുവര്‍ത്തി, പന്തിയിലിരുന്ന് വിറയലോടെ ഒരുരുള ചോറെടുത്തു.. തൊണ്ടയില്‍ത്തടഞ്ഞ ചോറുരുളയോടോപ്പം, മകനെക്കുറിച്ചുള്ള സ്വപ്നങ്ങളും അയാള്‍ വിഴുങ്ങാന്‍ ശ്രമിച്ചു...!!
Sunday, November 25, 2007
Subscribe to:
Post Comments (Atom)
4 comments:
നല്ല കഥ. കുറച്ചുകൂടി ആറ്റിക്കുറുക്കി എഴുതാന്‍ ശ്രമിക്കണേ.
ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഒറ്റപ്പെട്ടുപോവുന്ന...
ഒരുരുളച്ചോറിനുവേണ്ടി പുത്തന്‍ വേഷങ്ങളിടേണ്ടിവരുന്ന...
ജീവിതത്തിന്റെ ഒറ്റവരമ്പുകളിലൂടെ
നടന്നു പോകുന്ന...
ആ മനുഷ്യനെ ഞാനറിയും..അങ്ങനെ എത്രയോപേരെ ഞാനറിയും!!
നല്ല കഥ!!
വാല്മീകി, ശ്രമിക്കാം, തീര്‍ച്ചയായും..
ഹരിയണ്ണാ, പ്രിയ.. നന്ദി
comments സാഹിതീകരിച്ച് പറയാനൊന്നും എനിയ്ക അറിയില്ല. anyway this is nice... keep on writing...
Post a Comment