Tuesday, December 4, 2007

അറിയാത്ത തീരങ്ങളില്‍

കിനാക്കള്‍ കാണാന്‍ ഇനിയെത്ര നേരം?
വരച്ചെടുക്കാനായ് ഇനിയെത്ര മുഖങ്ങള്‍?
വര്‍ണ്ണങ്ങളില്ലാത്ത നേര്‍ത്ത വരകളില്‍,
അമ്മയുടെ പൊള്ളുന്ന കണ്ണീര്‍ പടര്‍ന്നുവോ?

ഇന്നീതുലാവര്‍ഷസന്ധ്യയില്‍ എന്തിനായ്,

എന്‍ കൈത്തലമേന്തി, നടക്കാനിറങ്ങിയമ്മ?
നടവാതില്‍ പുറകെ, കൊട്ടിയടച്ചതിന്‍ ശബ്ദം,
കാതിണകളിലെന്തേ വന്നലച്ചില്ലാ...?
രാത്രിയുടെ നിശ്വാസങ്ങളെനിക്കു കേള്‍ക്കാം,
മുന്നില്‍ ഇരുള്‍ വീണതമ്മയറിഞ്ഞില്ലേ?
സ്വാദിന്‍ മണമെന്‍ വിശപ്പുണര്‍ത്തുമ്പോള്‍,

തട്ടുകടകള്‍ താണ്ടി, എങ്ങോട്ടു നടക്കുകയാണമ്മ?

നനുത്തപൂഴിയില്‍ കാലിടറുമ്പോഴും,
നേര്‍ത്തൊരുപ്പിന്‍ കുളിര്‍ക്കാറ്റടിക്കുമ്പോഴും,
തൊടുപാച്ചില്‍ കളിക്കും തിരകള്‍ കേട്ടപ്പോഴും,
കടലിന്റെ സാമീപ്യം ഞാനറിഞ്ഞു...!
എന്തോ തിരക്കാന്‍, വിളിക്കുവാനായവേ,
പെട്ടെന്നെന്‍, നിലനില്‍പ്പിന്‍ ബന്ധം മുറിഞ്ഞു !
തട്ടിമാറ്റും കൈകളും, ഭര്‍ത്സനങ്ങളും,
മോളേയെന്നമ്മയുടെ, തേങ്ങലുകളുമകന്നു പോയ്...

അറിയാത്ത വഴികളിലമ്മയെത്തിരക്കി,
തിരയെത്താദൂരത്താ, തീരത്തിരിക്കുമ്പോള്‍,
എന്നെപ്പുല്‍കാനൊരുങ്ങുന്ന കൈകള്‍ക്കുമുമ്പേ,
കാലന്റെ കാലടി ശബ്ദം ഞാന്‍ കേട്ടുവോ?

6 comments:

Rejesh Keloth said...

ഇല്ലായ്മകളുടെ ഇടയിലേക്ക്, വിധി, വൈകല്യവും, തകര്‍ന്നബന്ധങ്ങളും മേമ്പൊടിചേര്‍ത്തുനല്‍കുമ്പോള്‍...
തകര്‍ന്നുപോയ ഒരു കുഞ്ഞുമനസ്സ്... കരയാനല്ലേ അതിന് പറ്റൂ...

സുല്‍ |Sul said...

നന്നായിരിക്കുന്നു വരികള്‍!!!

-സുല്‍

സാക്ഷരന്‍ said...

അറിയാത്ത വഴികളിലമ്മയെത്തിരക്കി,
തിരയെത്താദൂരത്താ, തീരത്തിരിക്കുമ്പോള്‍,

നന്നായിരിക്കുന്നു …

മന്‍സുര്‍ said...

സതീര്‍ത്ഥ്യന്‍...

നന്നായിരിക്കുന്നു....തുടരുക

വരികളില്‍ മികച്ചത്‌..ഇങ്ങിനെ...

അറിയാത്ത വഴികളിലമ്മയെത്തിരക്കി,
തിരയെത്താദൂരത്താ, തീരത്തിരിക്കുമ്പോള്‍,
എന്നെപ്പുല്‍കാനൊരുങ്ങുന്ന കൈകള്‍ക്കുമുമ്പേ,
കാലന്റെ കാലടി ശബ്ദം ഞാന്‍ കേട്ടുവോ?


നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അറിയാത്ത വഴികളിലമ്മയെത്തിരക്കി,
തിരയെത്താദൂരത്താ, തീരത്തിരിക്കുമ്പോള്‍,
എന്നെപ്പുല്‍കാനൊരുങ്ങുന്ന കൈകള്‍ക്കുമുമ്പേ,
കാലന്റെ കാലടി ശബ്ദം ഞാന്‍ കേട്ടുവോ?

ഒരു നൊമ്പരം പോലെ...