Sunday, November 25, 2007

ആദ്യത്തെ സീന്‍

സവ്യസാചി നടപ്പിന് വേഗം കൂട്ടി.. തൊട്ടാവാടികളെ ചവിട്ടിയുറക്കി, ഊടുവഴിയിലൂടെ മുന്നോട്ട്.. ഇന്നെന്തായാലും അരമണിക്കൂര്‍ മുന്നെ എത്തണം.. ഷിജു എസ്. പണിക്കരുടെ ചിത്രത്തില്‍ മുഖം കാണിക്കാന്‍ പറ്റുന്നത് ചില്ലറക്കാര്യമാണോ?


കാലമെത്രയായി, കല, നാടകം എന്നൊക്കെ പറഞ്ഞു നടക്കുന്നു.. PWD ടീമിന്റെ കൂടെ ഒരു നിഴലായ്.. SSLC കഴിഞ്ഞയുടന്‍, സര്‍വീസിലിരുന്ന് ദിവംഗതനായ അപ്പന്റെ ജോലി കിട്ടിയതാ.. കലയെ വിടാതെ കൂടെ കൂട്ടി.. അതില്‍പ്പിന്നെ കുടുംബമുണ്ടാക്കനുള്ള തത്രപ്പാടിലായിരുന്നു.. മക്കള്‍ പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് മാറി ചിന്തിക്കാന്‍ തുടങ്ങിയത്.. നീണ്ട കലായാത്രക്കിടയില്‍ കിട്ടിയ കഥാപാത്രങ്ങളെ ( തെണ്ടി, ഇടിയന്‍ പോലീസ്, ഹനുമാന്‍ etc. ) മനസ്സിലും, കാലം കൈവച്ചു തുടങ്ങിയ ഫോട്ടോകള്‍ കണ്ണിലും വച്ചു താലോലിച്ചു.. പിന്നെ അമാന്തിച്ചില്ല.. കലാപ്രതിഭ മകനേയും, കലാതിലകം മകളേയും വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.. ഒരു പരിധിവരെ വിജയവും കണ്ടു.. പക്ഷെ, ക്ലാസ്സുകള്‍ കയറിവരുമ്പോള്‍ ചിലവുകള്‍‍ക്കെതിരേ താന്‍ പടവെട്ടുകയായിരുന്നില്ലേ?


നടത്തം ഒറ്റവരമ്പില്‍ കൂടിയായി.. തവളകള്‍ നിര്‍ത്താതെ കരഞ്ഞു, ചീവീടുകളുടെ അകമ്പടിയോടെ.. ഈശ്വരാ, ഇവറ്റകളെ തിരഞ്ഞ് പാമ്പുകളും ഇറങ്ങിക്കാണുമോ? ദേവീ, കാത്തോളണമേ...

വരമ്പുകടന്നാല്‍ തോട്ടുംകരയാണ്.. ഒരു 2 കി. മീ. കാണും കോറോത്തെ വയലിലെത്താന്‍.. അവിടാണ് ഷൂട്ടിങ്.. അറിയാതെ അയാള്‍ പിന്‍കഴുത്തും, കവിളും ഒന്ന് തലോടി.. ആ ബുദ്ധിജീവി ലുക്ക് തന്റെ ഐഡന്റിറ്റിയായിരുന്നോ? പുറത്തിറങ്ങിയാല്‍ ആളുകള്‍ തന്നെ തിരിച്ചറിയുമോ? മുഖം വെള്ളിത്തിരയില്‍, നാലാളുകള്‍ കാണില്ലേ? ഒരു നെടുവീര്‍പ്പില്‍ ഉത്തരങ്ങള്‍ എല്ലാം ഒതുങ്ങി... മക്കള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്തു.. തനിക്കുവേണ്ടി ഇത്രയെങ്കിലും ആവാമല്ലോ?


കോറോത്ത് ഒരു ബഹളം തന്നെ നടക്കുന്നു.. മാറിപ്പോയോ? ഇന്ന് വല്ല കമ്മ്യൂണിസ്റ്റ് യോഗമോ മറ്റോ ഉണ്ടായിരുന്നോ? ഓര്‍മ്മയിലില്ല.. മുന്നോട്ട് തന്നെ നടന്നു.. പ്രൊഡക്ഷന്‍ മാനേജര്‍ക്ക് ഇന്നലെ കണ്ട ഭാവം പോലുമില്ല.. താനല്ലെ, ഇന്നലെ കുളത്തിലെ വെള്ളമെടുക്കാന്‍ അനുവാദം വാങ്ങിക്കൊടുത്തത്..

“ താനെന്താടോ കൊണ്ടുവന്നത് ? കോഴിയോ, ആടോ അതോ പോത്തോ ?“

മാനേജരുടെ ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകളുടെ പൊരുള്‍ പിടികിട്ടിയില്ല..

“ദാ, ആ ഭാഗത്തുണ്ട്.. കാഴ്ച്ചകളെല്ലാം അവിടാ വച്ചേക്കുന്നെ.. ആടിനേം, കോഴീനേം കൊടുത്ത് ചാന്‍സ് മേടിക്കാന്‍ വരുന്നോരെ ആദ്യമായ് കാണുകയാണെന്റീശോയേ...!”

അപ്പൊ, അതാണു കാര്യം.. കലയെന്നു കേള്‍ക്കുമ്പോള്‍ നാലും കൂട്ടി മുറുക്കിത്തുപ്പുന്നവനും, സിനിമയെന്നു കേട്ടപ്പോള്‍ തരിപ്പിളകിക്കാണും.. അല്ലേ ഇതാരൊക്കെയാ ഇത്.. വലക്കാരന്‍ ദാമു, മീങ്കാരന്‍ അസീസ്, ചെത്തുകാരന്‍ കിട്ടന്‍, ദമോദരന്‍ മാഷ്, ബ്രോക്കര്‍ ചീരാന്‍... എല്ലാവരും പട്ടാളവേഷത്തില്‍... ദേവിയേ, താന്‍ വൈകിയോ?

"സവിയേട്ടാ, നാളെ അമ്പലത്തില് മോന്റെ മോഹിനിയാട്ടണ്ടല്ലേ?"

ബ്രോക്കര്‍ ചീരാന്റെ കുശലാന്വേഷണം.. കലിയങ്ങ് കയറി വരുന്നു.. ഇവനൊന്നും വേറെ പണിയില്ലേ? അല്ലെങ്കിലെന്തിന് അവരെ പറയണം... നാലാളുകൂടുന്നിടത്തെല്ലാം തന്റെ മക്കളെപ്പറ്റി പറയാറുണ്ടായിരുന്നു.. എന്തൊക്കെ സ്വപ്നങ്ങളാണു കണ്ടത്.. കെട്ടിച്ചുവിട്ടേപ്പിന്നെ, മകള് കലയെ കൈവിട്ടു.. പിന്നെയെല്ലാം മകനായിരുന്നു.. പൊന്നുപോലെയാണ് പോറ്റിവളര്‍ത്തിയത്.. ഒന്നിനും ഒരു കുറവും വരുത്തിയില്ല... എന്നിട്ടും, തന്റെ മുഖത്ത് ചെളിവാരിയെരിഞ്ഞതു പോലല്ലെ, തന്നേക്കാള്‍ പ്രായമുള്ള നാടകനടിയോടൊപ്പം അവന്‍ ഇറങ്ങിപ്പോയത്.. നാളെ അവന്റെ കല്യാണാത്രേ...!

“ദേ, ചീരേട്ടാ...!”

പ്രതിഷേധം ഒരു നോട്ടത്തിലൊതുക്കി, സവ്യസാചി പട്ടാളക്കാരനായിത്തുടങ്ങി.. ഏതോ പുതിയ കലാസപര്യയ്ക്ക് നാന്ദികുറിക്കും വണ്ണം.. പിന്നെ, ആക്ഷന്‍, കട്ട് വിളികള്‍ക്കിടയില്‍, കോറോത്തെ കുളത്തില്‍ നിന്നും പമ്പ് ചെയ്യുന്ന കൃത്രിമമഴയിലും, ഫാനുകള്‍ സൃഷ്ടിച്ച കൊടുങ്കാറ്റിലും, സെറ്റിട്ട കുടിലുകള്‍ക്കിടയില്‍ അയാള്‍ ദുരിതാശ്വാസപ്രവര്‍ത്തനം തുടങ്ങി.. ഒടുവില്‍, തലതുവര്‍ത്തി, പന്തിയിലിരുന്ന് വിറയലോടെ ഒരുരുള ചോറെടുത്തു.. തൊണ്ടയില്‍ത്തടഞ്ഞ ചോറുരുളയോടോപ്പം, മകനെക്കുറിച്ചുള്ള സ്വപ്നങ്ങളും അയാള്‍ വിഴുങ്ങാന്‍ ശ്രമിച്ചു...!!

Saturday, November 24, 2007

എന്റെ ഗ്രാമം

ഓര്‍മ്മകള്‍ തളിരിടും, വല്ലരിയാണെന്‍,
മനസ്സിലെന്നും എന്റെ ഗ്രാമം..
ദീപ്തവര്‍ണ്ണങ്ങളാലെഴുതിയ ചിത്രങ്ങള്‍,
മാടിവിളിക്കുകയാണെന്നുമെന്നെ..

പുലരിയില്‍ ഒരു കുഞ്ഞുപൂവിന്റെ നിദ്രയില്‍,
ഇരവിന്റെ കണ്ണുനീരിറ്റിടുമ്പോള്‍..
കളകൂജനങ്ങളാല്‍ കുഞ്ഞാറ്റക്കിളികള്‍,
പകലിന്റെ ഓജസ്സ് ഏറ്റുവാങ്ങുമ്പോള്‍..

ഇന്നലെ,
നന്മകളോടിക്കളിക്കുന്നോരാമുറ്റം, എന്‍
ജന്മാന്തരങ്ങള്‍തന്‍ സുകൃതമായി..
ഒടുവില്‍ തളരുമ്പോള്‍, ഇത്തിരിനേരം,
ആ തണലേറ്റാല്‍ ഞാന്‍ ധന്യനായി..

ഇന്ന്,
തിരയുകയാണു ഞാന്‍ വ്യര്‍ത്ഥമായ്,
ഒത്തിരി മാറിയ ഗ്രാമസംശുദ്ധിയെ..
ഇന്നിന്റെ ക്രൂരഹസ്തങ്ങളില്‍ പിടയുന്ന,
സുന്ദരിയായൊരെന്‍ ഗ്രാമകന്യയെ...

പ്രണയ വഴികളിലൂടെ

ഓര്‍മ്മയില്‍ സ് നേഹനന്മുത്തുകള്‍ തിരയവെ,
ജീവനില്‍ ഞാന്‍ നിന്റെ പദനിസ്വനം കേട്ടു...
തെളിഞ്ഞവര്‍ണ്ണങ്ങളാലതിനു മിഴിവേകാന്‍ തുനിയവേ,
ഉണര്‍ന്നസ്വരങ്ങളായ് നീയെന്നരികില്‍ വന്നു...

അകക്കണ്ണിന്‍ നിറമാര്‍ന്ന കാന്‍ വാസുകളില്‍,
മനസ്സാം തൂലിക നിന്‍ ചിത്രങ്ങള്‍ തീര്‍ത്തു...
ഒരു ജന്മസാഫല്യ വരദാനമെന്നപോല്‍,
നിന്‍സ്വരരാഗം, പുതുമഴയായ് പെയ്തിറങ്ങി...

ഒഴുകിയെത്തിയ കൈവഴികളൊന്നായ്, ജീവന്റെ
നീലസാഗരത്തില്‍ നിപതിക്കും മുന്നെ,
നീര്‍കണങ്ങളൊന്നുചേര്‍ന്നിറുകെ പുല്‍കി,
ഇടചേര്‍ന്നു, കൈകോര്‍ത്തു മുന്നോട്ടൊഴുകുവാന്‍...

പ്രണയമര്‍മ്മരങ്ങളുടലാര്‍ന്നതെവിടെ?
ഹൃദയം ഹൃദയത്തോടിണചേര്‍ന്നതെപ്പോള്‍?
അറിഞ്ഞില്ലൊന്നും; എപ്പൊഴോ നിനവില്‍,
ജീവിതരഥ്യയില്‍, തോളോടുതോള്‍ ചേര്‍ത്തു നാം...

ചാറ്റല്‍ മഴചിതറും, കാറ്റ് ചാ‍മരം വീശും, പുലരിയില്‍,
പിന്നെ ഞാന്‍ എന്റെ പ്രണയിനിയെ കണ്ടു...
കണ്ണിമയ്ക്കാതെ ഞാന്‍ നോക്കിനിന്നു..
നെഞ്ചോടു ചേര്‍ത്തു ഞാന്‍ സ്വന്തമാക്കി...

വെള്ളിമേഘം വെണ്ണിലാവില്‍ ചാലിച്ചകൂട്ടില്‍,
ഇന്ദ്രനീല ശോഭയലിയിച്ചു ചേര്‍ത്ത്,
തൂമഞ്ഞിന്‍ വെണ്‍പട്ടില്‍ ചന്ദനം താളിച്ച,
തളിരിലയില്‍ താമരത്തണ്ടുകൊണ്ടെഴുതി;
നിന്‍ ചിത്രം: പിന്നെ, നിന്നെയൊരുക്കി,
എനിക്കായ്, എന്‍ പ്രാണപ്രേയസ്സിയായ്...

തേനൂറും മൃദുസ് മേരമോടെ, കണ്‍കോണില്‍-
വിരിയും കുറുമ്പിന്‍ ചിനുങ്ങും മുത്തുകളോടെ,
നാസികാഗ്രത്തില്‍ ചെറുകോപശോണിതത്തോടെ,
നിന്നവള്‍, ഞാനാ കരം ഗ്രഹിച്ചു; നിറഞ്ഞമനസ്സുമായ്...

Wednesday, November 21, 2007

സൌഹൃദം

നഷ്ടസ്വപ്നങ്ങളും, ഓര്‍മ്മകളും,
ഗൃഹാതുരത്വത്തിന്‍ നെടുവീര്‍പ്പുകളും,
ഒഴുകിയെത്തും ഏകാ‍ന്തവേളകളില്‍
ഞാന്‍ എന്‍ ബാല്യത്തിലേക്കോടിയെത്തുന്നു...

പoനം, പരിഭവം, പ്രണയം ഇടചേരും,
സൌഹൃദം സ് നേഹത്തിന്‍ മഴനൂലുകെട്ടും,
ചങ്ങാതിക്കൂട്ടങ്ങള്‍ തുടിതാളം കൊട്ടും,
മയില്‍പ്പീലിത്തുണ്ടായ് ഞാന്‍ കാക്കുമെന്‍ ബാല്യം...

ഇന്നില്‍ ഞാന്‍ ഇന്നലയെ നെഞ്ചോടുചേര്‍ക്കുമ്പോള്‍,
അന്നു ഞാന്‍ നാളയെ കണ്ടിരുന്നില്ലയൊ?
പിരിയാന്‍ നിമിഷങ്ങള്‍ എണ്ണുന്ന ബന്ധങ്ങള്‍,
അറിയാതെ ഹൃദയങ്ങള്‍ ബന്ധിച്ചിരുന്നുവോ?

കാലാ‍യനത്തില്‍ പകച്ചുനില്‍ക്കുമ്പോഴും,
കലാലയവര്‍ണ്ണങ്ങള്‍ മനസ്സില്‍ നിറയുന്നു...
കുത്തൊഴുകുന്നൊരീ സമയക്കടലില്‍ ഞാന്‍
സൌഹൃദം തേടി e-ചങ്ങാടം തുഴയുന്നു...

അറിയില്ലെനിക്കിതെന്‍ ഏകാന്തമനസ്സിന്റെ,
വ്യര്‍ത്ഥജല്‍പ്പനങ്ങളിലൊന്നു മാത്രമോയെന്നും,
അതോ, സൌഹൃദവല്ലരികള്‍ പൂത്തുലയുവാനായ്
കര്‍മ്മകാണ്ഡത്തിന്റെ, നിയോഗമാണോയെന്നും...

അറിയില്ലെനിക്കൊന്നും

അറിയില്ലെനിക്കൊന്നും, തുറന്നിടും വഴികളും,
വഴിവക്കില്‍, എന്നോ ഒരു നാളിലെന്മുന്നില്‍,
തളിരിടും ജീവിതവല്ലരിയും; നിറയെ,
സ് നേഹത്തിന്‍ പൂക്കളും ഉണ്ടാവുമോയെന്ന്...

അറിയില്ലെനിക്കെന്‍ , മിഴികളില്‍ ഇനിയും തെളിയാത്ത,
പാതിയടഞ്ഞൊരെന്‍ വഴിയില്‍ വിളക്കാകുവാന്‍,
സ് നേഹത്തിന്‍ ഈണം മൃദുവായ് മന്ത്രിക്കുവാന്‍,
എനിക്കായ് ജനിച്ചവള്‍ വിടരുമോയെന്ന്...