Sunday, August 16, 2009

ഒരു പിന്‍ കുറിപ്പ്

ഒരു മാത്രയെങ്കിലും ഇടംകണ്ണാലേ,
തിരിഞ്ഞുനോക്കാനൊരുങ്ങാതെ നീ
പറിച്ചെടുത്തകലുന്നതെന്‍ ഹൃദയമല്ല...
അതു ഞാന്‍ നിനക്കെന്നേ തന്നിരുന്നു....
ഒരുവേള നീ അറിഞ്ഞില്ലായിരിക്കാം
വിതുമ്പുമെന്‍ മനസ്സിലെ തിരയിളക്കങ്ങളും,
നിറകണ്ണിന്‍ കാഴ്ചയിലെ ശൂന്യതയും,
അതോ, അറിയാതിരിക്കാന്‍ ശ്രമിച്ചിരുന്നോ...?

വരയ്ച്ചിട്ട ഗ്രഹനിലയ്ക്കുള്ളിലെ സാംഖ്യ-
നക്ഷത്രരാജ്യങ്ങള്‍ക്കപ്പുറത്തായ്,
ജീവനുലയൂതി നിനക്കായ് തീര്‍ത്ത,
സ്ഫടിക സൌധം നീ തകര്‍ത്തെറിഞ്ഞെങ്കിലും,
ഞാന്‍ നിര്‍ന്നിമേഷനായ് നോക്കിനില്‍ക്കാം;
വീണ്‍ വാഗ്ദാനങ്ങള്‍ പെറുക്കിവച്ച്,
എന്നിലേക്കായ് ദ്രുതം ഉള്‍വലിഞ്ഞ്,
മറുവാക്കുകളായ് മൌനം ഭജിച്ച്...!!!

കേവലസ്നേഹത്തിന്‍ അളവുകോലറിയാത്ത,
മായികലോകത്തിന്‍ ഗര്‍ഭപാത്രത്തില്‍ നിന്നും,
പ്രാത്തൂക്കത്തിനു വിലപേശുവാനായ്
നിന്നെയറിഞ്ഞുകൊണ്ടുയിരെടുക്കാം....!
വലം പിരിശംഖിലെ പ്രണയതീര്‍ഥം,
പ്രദക്ഷിണവഴികളിലെ പാപദോഷങ്ങളായ്,
എള്ളിന്‍ കരിന്തിരി കത്തിക്കുമ്പോളും,
നിന്‍ ഹാസസൂനങ്ങള്‍ വാടാതെ നിര്‍ത്താം....

4 comments:

Rejesh Keloth said...

നഷ്ടസ്വപ്നങ്ങലുടെ ഭാണ്ഡക്കെട്ടിലേക്കേറ്റി വയ്ക്കാന്‍ ഒരു പ്രണയം... മനസ്സിന്റെ അകത്തളങ്ങള്‍ താഴിട്ടു പൂട്ടുമ്പോള്‍ അറിയാതെഴുതി പോകുന്ന ഒരു പിന്‍ കുറിപ്പ്....

krish | കൃഷ് said...

“..പറിച്ചെടുത്തകലുന്നതെന്‍ ഹൃദയമല്ല...
അതു ഞാന്‍ നിനക്കെന്നേ തന്നിരുന്നു....”

നല്ല വരികള്‍.

ഗീത said...

വല്ലാതെ നോവിപ്പിക്കുന്നല്ലോ സതീര്‍ത്ഥ്യാ ഈ വരികള്‍.
മനസ്സിന്റെ അകത്തളങ്ങള്‍ താഴിട്ടു പൂട്ടേണ്ടി വരുമ്പോളുള്ള വേദന മനസ്സിലാകുന്നുണ്ട്.
എന്നെങ്കിലുമൊരിക്കല്‍ പൊന്‍‌പ്രകാശം ഒഴുകിപരക്കത്തക്കവണ്ണം ആ അകത്തളങ്ങള്‍ തുറക്കപ്പെടും.

Unknown said...

am not good with poems or ny kinda writing... still it felt good... may be coz i enjoy "the feeling of lost love than that i have ..."