Tuesday, December 18, 2007

കര്‍മകാണ്ഡം

കാവ്യവര്‍ണ്ണങ്ങള്‍ ചാലിച്ച്, മനസ്സാം താളില്‍,
വരച്ചെടുത്തോരെന്നിലെ ഭാവനയെ,
കൂമ്പിയ മിഴികളും, തൊഴുകൈപ്രാര്‍ത്ഥനയുമോടെ,
നെഞ്ചിലെ തുടിപ്പേകി സുഭഗമാക്കി...

സ്നേഹത്തിന്‍ ശ്രുതിചേര്‍ത്ത തംബുരു-
തന്ത്രികളില്‍ മീട്ടും സ്വരരാഗത്തെ; മമ
ഹൃദയതാളത്തിന്‍ അനന്യമാം ലയത്തില്‍,
വാഗ് ദേവിയരുളിയ വരങ്ങളാക്കി...

എങ്കിലും, ആത്മഹര്‍ഷാതിരേകത്താല്‍,
സ്നേഹപര്‍വ്വത്തിന്‍ വരികളിലായി,
വര്‍ണ്ണാക്ഷരങ്ങളാല്‍ കൊളുത്തിയ ദീപങ്ങള്‍,
മന്ദസമീരനാലും അണഞ്ഞിടുന്നോ...?

എന്റെ ജന്മാന്തരങ്ങള്‍ തന്‍ സീമന്തരേഖയില്‍,
സിന്ദൂരം സന്ധ്യയായ് പടരുന്നുവോ...?
ദേവശിലകളാല്‍ തീര്‍ത്തൊരെന്‍ മോഹങ്ങള്‍,
കാലതപത്താലിന്നുരുകുന്നുവോ...?

അറിയില്ലെനിക്കൊന്നും; ലോകതത്വങ്ങളും,
കാലചക്രത്തിന്‍ നൂതനനീതികളും; പക്ഷേ,
മനസ്സാക്ഷിയെന്നോടു മൃദുവായി മന്ത്രിച്ചു..
“കര്‍മ്മണ്യേ വാ’ധികാരസ്തേ, മാ’ഫലേഷു കദാചന:“

Saturday, December 8, 2007

ഇനിയുമെങ്ങോട്ട്...?

യാഥാര്‍ത്ഥ്യത്തിന്‍ അഗ്നിസ്ഫുരണങ്ങള്‍,
പകല്‍ക്കിനാക്കള്‍ തന്‍,
മൂടല്‍മഞ്ഞല മറനീക്കവേ,
ഇനിയുമെങ്ങോട്ടേക്കെന്നാരോ തിരക്കുന്നൂ...
ഇപ്പൊഴും ഉത്തരമില്ലാ സമസ്യ !!

ഉത്തരം നല്‍കേണ്ടവര്‍,
രാഷ്ട്രീയ വിഴുപ്പുകള്‍ക്ക്,
ആണവസംസ്കാര പരിവേഷം നല്‍കി..!
സിരകളില്‍ വിദ്വേഷവിഷം കുത്തിവച്ചു..!

ഇന്നിന്റെ മണ്ണില്‍ വസന്തം വിരിയില്ല,
പൂത്തുമ്പികള്‍ പറക്കില്ല,
പൂവിളികളുമുയരില്ല; പകരമിവിടെ,
ക്യാമ്പസ്സില്‍ കൊലവിളികളിനിയുമുയരും...

താരയുദ്ധങ്ങള്‍ക്ക് കോപ്പുകൂട്ടും,
“ക്രൂയിസ്” മിസ്സൈലുകള്‍ ദുരന്തം വിതറും,
“ഹോക്സ്” കള്‍ ആകാശക്കാഴ്ച്ചകള്‍ മറയ്ക്കും,
കാകനും, കഴുകനും ചുറ്റിപ്പറക്കും...!!

ഡോളറും യൂറോയും, ഇ-വേസ്റ്റും തീര്‍ക്കും,
പാശുപതാസ്ത്രങ്ങള്‍ ദ്രൌണിയെ തിരയും..
മിന്നുന്ന സമ്പത് വ്യവസ്തയില്‍ പോലും,
വായുവിന്നാളുകള്‍ “ക്യൂ” വായി നില്‍ക്കും...

കോടിയുഗപുണ്യങ്ങള്‍ കീഴ്മേല്‍ മറിച്ച്,
തീക്കനല്‍ക്കട്ടയില്‍ തെയ്യാട്ടമാടുമ്പോള്‍,
വീണ്ടും, വീണ്ടുമതേ ചോദ്യമുയരുന്നു,
നാമിനിയുമെങ്ങോട്ട് ?.. ഇനിയുമെങ്ങോട്ട് ?

Tuesday, December 4, 2007

അറിയാത്ത തീരങ്ങളില്‍

കിനാക്കള്‍ കാണാന്‍ ഇനിയെത്ര നേരം?
വരച്ചെടുക്കാനായ് ഇനിയെത്ര മുഖങ്ങള്‍?
വര്‍ണ്ണങ്ങളില്ലാത്ത നേര്‍ത്ത വരകളില്‍,
അമ്മയുടെ പൊള്ളുന്ന കണ്ണീര്‍ പടര്‍ന്നുവോ?

ഇന്നീതുലാവര്‍ഷസന്ധ്യയില്‍ എന്തിനായ്,

എന്‍ കൈത്തലമേന്തി, നടക്കാനിറങ്ങിയമ്മ?
നടവാതില്‍ പുറകെ, കൊട്ടിയടച്ചതിന്‍ ശബ്ദം,
കാതിണകളിലെന്തേ വന്നലച്ചില്ലാ...?
രാത്രിയുടെ നിശ്വാസങ്ങളെനിക്കു കേള്‍ക്കാം,
മുന്നില്‍ ഇരുള്‍ വീണതമ്മയറിഞ്ഞില്ലേ?
സ്വാദിന്‍ മണമെന്‍ വിശപ്പുണര്‍ത്തുമ്പോള്‍,

തട്ടുകടകള്‍ താണ്ടി, എങ്ങോട്ടു നടക്കുകയാണമ്മ?

നനുത്തപൂഴിയില്‍ കാലിടറുമ്പോഴും,
നേര്‍ത്തൊരുപ്പിന്‍ കുളിര്‍ക്കാറ്റടിക്കുമ്പോഴും,
തൊടുപാച്ചില്‍ കളിക്കും തിരകള്‍ കേട്ടപ്പോഴും,
കടലിന്റെ സാമീപ്യം ഞാനറിഞ്ഞു...!
എന്തോ തിരക്കാന്‍, വിളിക്കുവാനായവേ,
പെട്ടെന്നെന്‍, നിലനില്‍പ്പിന്‍ ബന്ധം മുറിഞ്ഞു !
തട്ടിമാറ്റും കൈകളും, ഭര്‍ത്സനങ്ങളും,
മോളേയെന്നമ്മയുടെ, തേങ്ങലുകളുമകന്നു പോയ്...

അറിയാത്ത വഴികളിലമ്മയെത്തിരക്കി,
തിരയെത്താദൂരത്താ, തീരത്തിരിക്കുമ്പോള്‍,
എന്നെപ്പുല്‍കാനൊരുങ്ങുന്ന കൈകള്‍ക്കുമുമ്പേ,
കാലന്റെ കാലടി ശബ്ദം ഞാന്‍ കേട്ടുവോ?