Monday, February 11, 2008

നിനയ്ക്കാത്ത കാഴ്ച്ചകള്‍

ധിഷണയുടെ പരശതം,
അക്ഷൌഹിണികളണിനിരന്ന്,
ബൌദ്ധിക കാഹളം മുഴക്കിയും;
പ്രജ്ഞയുടെ ശതകോടി,
മദജലം പൊട്ടിയ ഗജജാല-
മാത്മീയത ഛിന്നം വിളിച്ചും;
പലജിഹ്വകള്‍ തെളിച്ചവഴികളില്‍,
പുകള്‍ പെറ്റ സംസ്കാര പാപ്പരത്തം...!
.........
തൊട്ടുതീണ്ടലിന്‍ പുതിയോ-
രര്‍ത്ഥതലങ്ങള്‍; വഴിവക്കിലും,
മട്ടിലും, നോട്ടിന്റെ കെട്ടിലും,
ചൂടുപറ്റിയപങ്കിന്റെ കറകളിലും...!
കനത്തകോടകെട്ടിയ രാവറയില്‍,
അനന്യാദര്‍ശ യജ്ഞകുണ്ഡത്തില്‍,
ആവേശജ്ജ്വാലാമുഖികള്‍,
തണുത്തുറഞ്ഞു, കരിമ്പടം തേടി...!
........
ചരടുപൊട്ടിയ ജീവിതപ്പട്ടം,
കണ്ണുകെട്ടിയ നീതിദേവത,
നീറ്റടയ്ക്കാത്തോടെതിര്‍തൂക്കി,
സിംഹഭാഗം കാറ്റുതൊട്ടിലിനേകി...
പേര്‍ത്തുമാടിയ സ്തുതിപാഠകവൃന്ദം-
കാണ്‍കെ, തുടലില്‍ ശിഷ്ടഭാഗം,
പേരാലിന്‍ കൊമ്പത്തു തൂങ്ങിയാടി;
കാറ്റുലച്ചതുച്ചിയിലെ ചില്ലകളിലും...!
.........
മാറ്റൊലിത്തേരിന്‍,
ചേറിലാണ്ട നെടിയചക്രം,
വലിച്ചെടുക്കുന്നോരഭിനവ,
സൂതപുത്രന്റെ വിധിഹിതം പോല്‍,
വനരോദനങ്ങളുടെ ശിരസ്സറ്റുവീഴുമ്പോള്‍,
കപടകാര്‍മേഘസഞ്ചയം,
താതസൂര്യന്റെയും കണ്ണുമൂടുന്നത്,
ധര്‍മ്മസംസ്ഥാപനമോ? ഭീരുത്വമോ?
........
ചപലപ്രണയതെരുക്കൂത്തു കാണാന്‍,
കൊതിച്ചവേളകളിലെല്ലാം,
നിമിഷാര്‍ദ്ധത്തിലെ കൂരിരുട്ട്,
അഭിശപ്തവര്‍ണ്ണക്കാഴ്ചകളേകിയെങ്കിലും,
ഒരുവിടവാങ്ങല്‍ ദുഷ്പ്രാപമെന്നും,
തണലും തണുപ്പുമേകും,
സ്വപ്നങ്ങള്‍ വീശും, വിടര്‍ന്ന
തൂവല്‍ച്ചിറകുകള്‍ക്കടിയില്‍ നിന്നും...

14 comments:

Rejesh Keloth said...

മധുരസ്വപ്നങ്ങള്‍ എന്നും പ്രതീക്ഷിക്കും, പക്ഷേ..
ദുഷിച്ചുകൊണ്ടിരിക്കുന്ന സമൂഹക്കാഴ്ച്ചകള്‍ അവ്യക്തമായ മറ്റുചിലചിത്രങ്ങളാണു ആ ഫ്രെയിമില്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നത്...

krish | കൃഷ് said...

സതീര്‍ത്ഥ്യാ.. കവിത രണ്ടാവര്‍ത്തി വായിച്ചു.. കടുകട്ടിയെങ്കിലും, കൊള്ളാം.



(O.T: word veri is giving problems.. this is 5th time entering comments)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാക്കുകളിലെ തീക്ഷ്ണത ആശയത്തിനും.

നിരക്ഷരൻ said...

അക്ഷരാഭ്യാസം ഉണ്ടായിരുന്നെങ്കില്‍ ഞാനിതൊക്കെ വായിച്ച് ആസ്വദിച്ച് അര്‍മ്മാദിച്ചേനേ... :)

ദിലീപ് വിശ്വനാഥ് said...

കവിത ദുര്‍ഗ്രാഹ്യമാവുന്നു. എങ്കിലും പൊട്ടും പൊടിയും കൂട്ടിയിണക്കി വായിച്ചു മനസ്സിലാക്കിയെടുത്തു. മനസ്സിലാക്കിയത് ശ്രിയോ തെറ്റോ..

വേഡ് വെരി മാറ്റിയില്ലെങ്കില്‍ അടുത്ത തവണ കമന്റ് ഇ-മെയിലില്‍ അയച്ചു തരാം. താങ്കള്‍ തന്നെ ഇവിടെ ആഡ് ചെയ്താല്‍ മതി.

ദേവാസുരം said...

സതീര്‍ത്ഥ്യാ...

ഇപ്പൊ താങ്ങളെ മനസിലായി കെട്ടൊ....
ഇനി ഞാനും കാണും താങ്ങ്കളുടെ ഈ തീരത്തു...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വാക്കുകളിലെ ചഡുലതകള്‍ മാഷെ നന്നായിരിക്കുന്നൂ.
ഇത്തിരിപ്പണിപ്പെട്ടൂ ഇതൊന്നു മനസ്സിലാക്കാന്‍ മാഷെ..
ഇത്ര കട്ടിക്ക് ഞാന്‍ ഇത്വരെ എഴുതീട്ടില്ലാ..
വാല്‍മീകി പറഞ്ഞ പോലെ ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒന്നു മാറ്റിഷ്ടാ....

ഹരിശ്രീ said...

സതീര്‍ത്ഥ്യാ,

ശക്തമായ വരികള്‍...

പിന്നെ കൃഷ് ഭായ് പറഞ്ഞ പോലെ വേഡ് വെരിഫിക്കേഷന്‍ അല്പം ബുദ്ധിമുട്ടാണ്...

Sharu (Ansha Muneer) said...

മുഴുവനും മനസ്സിലായില്ല.... കടിച്ചാല്‍ പൊട്ടിയാല്‍ അല്ലെ മനസ്സിലാകൂ... :)

ശെഫി said...

മങ്ങിയ കാഴ്ചങ്ങള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം

siva // ശിവ said...

I really enjoyed this a lot....thanks...

പ്രയാസി said...

ഒന്നും മനസ്സിലായില്ലെടാ‍ാ‍ാ‍ാ‍ാ..:)

വാല്‍മീകി പറഞ്ഞ കേട്ടല്ലൊ

അടുത്ത കമന്റുകള്‍ മെയിലായി വരും..:)

Rejesh Keloth said...

എല്ലാവര്‍ക്കും നന്ദി...
വേഡ് വെരി.. ഞാന്‍ അറിഞ്ഞിരുന്നില്ല.. ഇപ്പൊ ശരിയായിക്കാണും എന്നു പ്രതീക്ഷിക്കുന്നു.. കവിത കട്ടിയായോ? ഞാന്‍ ഉദ്ദേശിച്ച കാര്യം ഇനി എഴുതാം.. അടുത്ത കമന്റ് ആയി.. :-)

ഭൂമിപുത്രി said...

സതീര്‍ത്ഥ്യനു ചോദിയ്ക്കാനേറെയുണ്ടല്ലൊ..
വായനക്കാര്‍,വാക്കുകളില്‍(ആശയത്തിലല്ല) കൂറെക്കൂടി ലാളിത്യം ആഗ്രഹിയ്ക്കുന്നതു കണ്ടു- അതായിക്കോളു.