Sunday, February 24, 2008

ആത്മായനം; പലായനം

ആത്മായനം;
കാവിയുടെ പൊരുള്‍തേടി കാശിയും
മോചനം തേടി വാരാണസിയും
ധാത്രിഗംഗയെത്തേടിയുത്തുംഗ
മാനസസരോവരപ്പൊയ്കയും
യമുനാതീരത്ത് മഥുരയെക്കാണാഞ്ഞ്
ദ്വാരകതേടിയാ കച്ച് തീരങ്ങളും
ഞെട്ടറ്റയരയാലിലപോലെയലഞ്ഞ്
പാപനാശത്തിനായ് കേണു...!
വഴിനീളേ, കുരുക്ഷേത്രഭാരതഭൂവില്‍
ധര്‍മ്മസംരക്ഷണേ കുരുവംശനാശ
ഹേതുവായ്ത്തീര്‍ന്ന പാഞ്ചാലി
ചുറ്റിയ ചേല പുതപ്പിച്ച മട്ടില്‍
കര്‍മ്മച്യുതികളുടെ ശവഘോഷയാത്ര...!
ഇരുള്‍വീണ വഴികളിലെവിടെയോ
കല്‍പ്പിതവിധേയത്വ ഭാവമായ്
നികൃഷ്ടനും, നിരായുധനുമെങ്കിലും
അശ്വത്ഥാമാവിപ്പോഴും കാണും;
പൊളിവചനത്തിന്‍ കരഘോഷമിന്നും
ഗുരുത്വത്തിന്‍ ശിരസ്സറുത്താടുന്ന കാഴ്ച...!

പലായനം;
പിന്നിട്ട കാതങ്ങള്‍ എണ്ണാതെ
കരിന്തിരിക്കാഴ്ചകള്‍ കണ്ണിലെടുത്ത്
നോവിന്റെ കുന്തിരിക്കപ്പുകയേറ്റ്
ചതിയുടെ മൂര്‍ഖന്‍ വിഷം തീണ്ടി
ജടിലമാം ജീവിതത്തില്‍ നിന്നും
മോചനമില്ലാതെ എന്നിലേക്കായ്;
അവിടെ, ഓംകാരമൂലമന്ത്രധ്വനി
‘സ്വം’എന്ന രൂപം കൈക്കൊണ്ടിരുന്നു...!

Monday, February 18, 2008

കൃഷ്ണാ, നീയെവിടേ...?

കണ്ണന്റെ കാളിന്ദീ... തീരം തേടീ...
പാഴ് മുളം തണ്ടുമായ്... ഞാനലഞ്ഞൂ... കൃഷ്ണാ;
നിന്‍ ചൊടിചേര്‍ത്തിതില്‍,
പൂവിരല്‍ത്തുമ്പിനാല്‍,
സ്വരരാഗമധുമാരി ചൊരിയാന്‍...
ഹരിമുരളീഗാനമുണര്‍ത്താന്‍...
നീയെവിടേ... കൃഷ്ണാ... നീയെവിടേ...
......
യദുകുലമെവിടെ ? യാദവരെവിടെ ?
ഗോപികമാരും, രാധയുമെവിടെ ?... (2)
വൃന്ദാവനിയിലെ, പൂഞ്ചോലകളില്‍..
സാന്ദീപനിയുടെ, ആശ്രമവനിയില്‍..
നീയെവിടേ... കൃഷ്ണാ... നീയെവിടേ...
.......
മുകിലൊളിയെവിടെ ? കൌസ്തുഭമെവിടെ ?
മഞ്ഞത്തുകിലും, പീലിയുമെവിടെ ?... (2)
ഗുരുവായൂരിലെ, നിന്‍ തിരുനടയില്‍..
പൂന്താനത്തിന്‍, സ്തുതിമധുരത്തില്‍..
നീയെവിടേ... കൃഷ്ണാ... നീയെവിടേ...

Get this widget | Track details | eSnips Social DNA


Music, Orchestration and Voice: Dr.Panicker

Saturday, February 16, 2008

പ്രണയ (ദിന) തര്‍പ്പണം...

ഇക്കൊല്ലമാദ്യമായ് കൊന്നപൂത്തു
കൂടെ, ഞൊടിനേരം തെറ്റിയ വേനല്‍മഴയും!
തെക്കേപ്പറമ്പില്‍ പൂവിട്ട മുല്ലയ്ക്ക്
അഞ്ജലീ, നിന്റെ വിയര്‍പ്പിന്‍ സുഗന്ധം!

കാലം വിലയിട്ട സ്വപ്നങ്ങള്‍ നമ്മള്‍ ചേര്‍-
ന്നെഴുതിയ മുറ്റത്തെക്കോണില്‍ നിനക്കായ്
ഉരുളിയില്‍ തുള്ളിത്തിളയ്ക്കും നുറുക്കരി-
ച്ചോറുഞാനൂട്ടാമീ പ്രണയസുദിനത്തില്‍!
........
പെയ്തൊഴിയാത്ത മഴനൂലുകള്‍ നെയ്തൊരാ-
ക്കമ്പളം; കൂരിരുള്‍, ഭൂമിക്ക് കാഴ്ചവയ്ക്കേയന്ന്,
നിലയ്ച്ചിട്ടും മിടിക്കുന്ന മാറില്‍ച്ചേര്‍ന്നേങ്ങുന്ന
ചിന്നുവും, ഞാനും നിനക്കന്യരായി...!

നീ നോല്‍ക്കാത്ത നോയമ്പുകളുണ്ടോ ?
നിന്‍ വിളി കേള്‍ക്കാത്ത ദേവകളുണ്ടോ ?
ജപമന്ത്രധ്വനികളില്‍ നീ നിന്നെ മറന്നോ ?
അതോ, നിനക്കായ് ഞാനൊന്നും പ്രാര്‍ത്ഥിച്ചില്ലേ?
........
മഞ്ഞച്ചില്ലുലഞ്ഞ പാവാടത്തുമ്പിന്‍,
തട്ടേറ്റുറങ്ങുന്ന തൊട്ടാവാടിത്തൈയ്യെ,
കള്ളനെന്നുച്ചെ വിളിച്ച കറുകക്കൊടിയെ
മോതിരക്കെട്ടാക്കി വിരലിലിട്ടു...

വാല്‍ക്കിണ്ടിവെള്ളം തൊട്ടെള്ളും തുളസിയും,
കുഞ്ഞിളംകൈയ്യാലേ തര്‍പ്പിക്കുമുരുളയും
നാക്കിലയില്‍ വച്ചീറന്‍ കൈതട്ടിവിളിക്കും
എന്നേയും, മോളേയും നിനക്ക് കാണാമോ ?

ഇളനീര്‍ത്തറ നെറ്റിതൊട്ടുവന്ദിക്കും,
പൊന്നുമോളറിയുന്നുവോ, തന്നമ്മയെ;
കുന്നോളമാശകള്‍ മനസ്സില്‍ സ്വരുക്കൂട്ടി,
കാറ്റേറിപ്പോയൊരെന്‍ പ്രിയതമയെ...!

Monday, February 11, 2008

നിനയ്ക്കാത്ത കാഴ്ച്ചകള്‍

ധിഷണയുടെ പരശതം,
അക്ഷൌഹിണികളണിനിരന്ന്,
ബൌദ്ധിക കാഹളം മുഴക്കിയും;
പ്രജ്ഞയുടെ ശതകോടി,
മദജലം പൊട്ടിയ ഗജജാല-
മാത്മീയത ഛിന്നം വിളിച്ചും;
പലജിഹ്വകള്‍ തെളിച്ചവഴികളില്‍,
പുകള്‍ പെറ്റ സംസ്കാര പാപ്പരത്തം...!
.........
തൊട്ടുതീണ്ടലിന്‍ പുതിയോ-
രര്‍ത്ഥതലങ്ങള്‍; വഴിവക്കിലും,
മട്ടിലും, നോട്ടിന്റെ കെട്ടിലും,
ചൂടുപറ്റിയപങ്കിന്റെ കറകളിലും...!
കനത്തകോടകെട്ടിയ രാവറയില്‍,
അനന്യാദര്‍ശ യജ്ഞകുണ്ഡത്തില്‍,
ആവേശജ്ജ്വാലാമുഖികള്‍,
തണുത്തുറഞ്ഞു, കരിമ്പടം തേടി...!
........
ചരടുപൊട്ടിയ ജീവിതപ്പട്ടം,
കണ്ണുകെട്ടിയ നീതിദേവത,
നീറ്റടയ്ക്കാത്തോടെതിര്‍തൂക്കി,
സിംഹഭാഗം കാറ്റുതൊട്ടിലിനേകി...
പേര്‍ത്തുമാടിയ സ്തുതിപാഠകവൃന്ദം-
കാണ്‍കെ, തുടലില്‍ ശിഷ്ടഭാഗം,
പേരാലിന്‍ കൊമ്പത്തു തൂങ്ങിയാടി;
കാറ്റുലച്ചതുച്ചിയിലെ ചില്ലകളിലും...!
.........
മാറ്റൊലിത്തേരിന്‍,
ചേറിലാണ്ട നെടിയചക്രം,
വലിച്ചെടുക്കുന്നോരഭിനവ,
സൂതപുത്രന്റെ വിധിഹിതം പോല്‍,
വനരോദനങ്ങളുടെ ശിരസ്സറ്റുവീഴുമ്പോള്‍,
കപടകാര്‍മേഘസഞ്ചയം,
താതസൂര്യന്റെയും കണ്ണുമൂടുന്നത്,
ധര്‍മ്മസംസ്ഥാപനമോ? ഭീരുത്വമോ?
........
ചപലപ്രണയതെരുക്കൂത്തു കാണാന്‍,
കൊതിച്ചവേളകളിലെല്ലാം,
നിമിഷാര്‍ദ്ധത്തിലെ കൂരിരുട്ട്,
അഭിശപ്തവര്‍ണ്ണക്കാഴ്ചകളേകിയെങ്കിലും,
ഒരുവിടവാങ്ങല്‍ ദുഷ്പ്രാപമെന്നും,
തണലും തണുപ്പുമേകും,
സ്വപ്നങ്ങള്‍ വീശും, വിടര്‍ന്ന
തൂവല്‍ച്ചിറകുകള്‍ക്കടിയില്‍ നിന്നും...

Sunday, February 3, 2008

ഒരു താരാട്ട്

[ഇത് ഒരു കവിതയല്ല...
മരുമകള്‍ക്കുവേണ്ടി കുറേ മുമ്പേയെഴുതിയ ഒരു താരാട്ടുപാട്ട്...
(ഗീതേച്ചിയുടെ ഗീതങ്ങളാണ് പോസ്റ്റ് ചെയ്യാന്‍ പ്രചോദനം..)
ഇനി ഈണത്തില്‍ പാടിക്കോളൂ... :-)]
താരാട്ട് ഇന്‍ഡ്യാഹെറിറ്റേജ് പണിക്കര്‍ സാറിന്റെ ശബ്ദത്തില്‍ ഇവിടെ..

ചാഞ്ഞുറങ്ങ്, ചരിഞ്ഞുറങ്ങ്,
ചാഞ്ചക്കമാടി മോളുറങ്ങ്... (2)
മുത്തണിത്തോപ്പിലെ മധു-
വണ്ടുമൂളുമീണത്തിലായ്..
മൂവാണ്ടന്‍ മാവില്‍ കാറ്റ്,
കിന്നരംപാടും താളത്തിലായ്..
(ചാഞ്ഞുറങ്ങ്......... മോളുറങ്ങ്... )

താരാട്ടെന്നും പാടിത്തരാന്‍ അമ്മയുണ്ടാം എന്നും കൂടെ,
താലോലമാട്ടുവാന്‍ അച്ഛനുണ്ടാം എന്നും ചാരേ,
കണ്മണിപ്പൂമകളേ കണ്ണിന്‍ മുന്നില്‍ നീ വളര്..
പുഞ്ചിരിത്തേന്‍ നിറച്ച്, കൈവളര്, കാല്‍ വളര്..
നെഞ്ചോടു ചേര്‍ത്തുനിന്നെ പുല്‍കിയുറക്കാം...
(ചാഞ്ഞുറങ്ങ്......... മോളുറങ്ങ്... )

കോലക്കുഴലൂതിവരും കണ്ണനുണ്ടാം എന്നും തുണ,
കൈതേരിഭഗവതിയും വരമരുളും എന്നുമെന്നും,
ചന്തമുള്ള ചന്ദനമായ്, ചന്ദ്രികയായ് നീ തെളിയൂ..
പൊന്നോലപ്പട്ടുടുത്ത്, പാലൊളിയായ് ശ്രീ തെളിയൂ..
പൊന്നുമ്മനല്‍കിനിന്നെ പാടിയുറക്കാം...
(ചാഞ്ഞുറങ്ങ്......... താളത്തിലായ്... )

Tuesday, January 29, 2008

ചാക്രികക്രിയകള്‍

പൂജ:
ചെമ്പട്ടും തറ്റുമുടുത്ത്, രുദ്രവിളക്കുവച്ച്,
രാഷ്ട്രീയക്കോവിലില്‍ ഗണപതിഹോമം...
മല്‍ജനുസ്സിന്റെ ജന്മാവകാശം,
പതിച്ചേകിയ പൊതുജനം സാക്ഷി...
കപടവിശ്വാസത്തിന്‍ അരചന്ദനം,
മനസ്സിന്നുകുറുകെ പൂണൂലില്‍ തൊട്ട്,
നീതിധര്‍മ്മങ്ങളെ ഹവിസ്സാക്കി,
രാഷ്ട്രതന്ത്രാഗ്നിയില്‍ നേദിച്ച്,
വാഗ്ദത്തഭൂവാം ഹസ്തമുദ്രയില്‍,
വാഗ്ദാനങ്ങളാം വലം പിരിയേന്തി,
ആരോപണമന്ത്രങ്ങളുരുക്കഴിച്ച്,
അധികാരവരേണ്യപീഠേകരേറി...!

കര്‍മ്മം:
പ്രതിപക്ഷ, വിമത; പ്രത്യക്ഷപുച്ഛങ്ങളും,
അരമതില്‍ വിടവിലൂടരക്കിടും ബന്ധങ്ങളും,
രാജസൂയത്തിന്‍ ചതുരംഗപ്പലയില്‍,
പകിടകളായുരുട്ടി, യെത്ര ദ്രൌപദിമാരെ,
എത്ര സത്യങ്ങളെ, അവകാശങ്ങളെ,
പാഴ് പണയങ്ങളായ് വാങ്ങിവച്ചു...!
കൊടിവര്‍ണ്ണപ്പുകമറയ്ക്കുള്ളില്‍,‍
കോമരക്കോലങ്ങളെ,
മുപ്പതുവെള്ളിക്കു വിലയ്ക്കുവാങ്ങി...!
അരൂഢപ്രതിഷ്ഠകളില്‍,
രുധിരം ചാര്‍ത്തി,
പള്ളിമണിമേടകളില്‍ മരണം മുഴക്കി...!
ജഠരാഗ്നി ജയിലറയ്ക്ക്,
വഴിയൊരുക്കുമ്പോള്‍,
ഭീകരവാദത്തിന്‍ മുഖമുദ്ര നല്‍കി...!
സൈദ്ധാന്തിക പകപോക്കാന്‍,
വിധ്വംസകവൃത്തിക്ക്,
തടവറയ്ക്കുള്ളിലായ് മണിയറകളൊരുക്കി...!

വിചിന്തനം:
ദീപ്തസത്യകൂരമ്പുകളെത്രകൊണ്ടിട്ടും,
കാപട്യകവചത്തിനെന്തുപറ്റി...?
തട്ടിത്തെറിച്ചവ ചിലതുകൊ-
ണ്ടനുയാത്രികര്‍ ചിലരിടറിവീണു...
മൊഴിശരങ്ങളാവനാഴിയിലിനിയുമേറെ,
നെറ്റിയില്‍ കൊമ്പുള്ള തൊലിക്കട്ടിയും...
ശാക്തിക വിഭാഗീയത തലപ്പന്തുതട്ടാന്‍,
ചാവേറായണികളും, ഇനിയുമെത്ര...!

അനിവാര്യത:
മനസ്സിന്‍ പ്രരൂഢവിശ്വാസങ്ങളൊക്കെ,
നെയ്തെടുക്കുന്നോരൂടും, പാവും,
കടപുഴയ്ക്കുന്നോരടിയൊഴുക്കുകള്‍,
ഉടലാര്‍ന്നുറയും മുമ്പേയൊട്ടറിഞ്ഞില്ല...!
“ഡെമോക്ലീസി”ന്‍ വാളില്‍ നിന്നൊഴിയവേ,
പിടിയാനയ്ക്കൊരുക്കിയ, ചേര്‍വാരിക്കുഴിയില്‍,
ഇടറിനിപതിച്ചൊരു കൊമ്പനുചുറ്റും,
താപ്പാനക്കൂട്ടങ്ങള്‍ വിധികല്‍പ്പിക്കുന്നു...!!
ശുഭം!

Sunday, January 6, 2008

ഇത്തിരി നേരം

(1)
തുലാമഞ്ഞിന്‍ തൂവല്‍ക്കുടിലില്‍,
തുഷാരങ്ങളില്‍ തിരിചാര്‍ത്തുന്നൊരാ,
ഇളംസൂര്യന്റെ സ്നേഹകിരണങ്ങള്‍ക്കും,
വൃശ്ചികപ്പുലരിക്കുമായ് കാത്തുനില്‍ക്കേ...

നനുത്തവെട്ടത്തില്‍, നടുമുറ്റത്തായ്,
ആലസ്യത്തിന്‍ ചാരുപടിയില്‍ക്കിട-
ന്നുണങ്ങിത്തുടങ്ങിയ തുളസിയും, തറയും,
പ്രായത്തിന്‍ “Sepia Tone”ല്‍ ഞാന്‍ കണ്ടു...
(2)
വരണ്ടുതുടങ്ങിയ, കണ്ണീര്‍പ്പാടങ്ങളിലും,
വിണ്ടുതുടങ്ങിയോരോര്‍മ്മപ്പറമ്പിലും,
തിമിരം ബാധിക്കാത്തോരകക്കണ്ണിലും,
നഷ്ടസ്വപ്നങ്ങളുടെ വേലിയേറ്റങ്ങള്‍...

നിഴല്‍ വീണയഗ്രഹാരത്തിന്റെ വാതില്‍ തുറ-
ന്നൊരു പനിമതിരാവും കടന്നുവന്നീലാ...
പൊഴിഞ്ഞുവീണ പനിനീര്‍ദളങ്ങളുടെ,
വര്‍ണ്ണനിദാനങ്ങള്‍ ആരും തിരക്കീല...
(3)
നേര്‍ത്ത ദാമ്പത്യം പടിയിറക്കി-
ക്കൊണ്ടുപോയ സൌഭാഗ്യങ്ങളൊന്നുമേ,
തിരിച്ചെടുത്തേകുവാനൊട്ടുമായില്ല ;
മക്കളേ, നിങ്ങളീയച്ഛനു മാപ്പുനല്‍കൂ...!

നിറഞ്ഞസ്നേഹവും, വിദ്യാനിവേദ്യവും,
മനസ്സാഭുജിച്ചു ജീവരഥ്യതെളിച്ചതില്‍,
മക്കളേ, അച്ഛന്‍ കൃതാര്‍ത്ഥനായ് ;
മിഴിനീരുപ്പുചേര്‍ത്തനുഗ്രഹങ്ങള്‍...
(4)
കാതങ്ങള്‍ അകലെയാണെങ്കിലും,
ചേക്കേറിയ ചില്ലകളില്‍ കൂടുകൂട്ടി,
നെട്ടോട്ടമോടവേ, നേരമൊട്ടില്ലെന്നാലും,
തണ്ടക്കിളിയേയും കൂടെ നിര്‍ത്തി...

ജന്മസുകൃതങ്ങളും, പിതൃക്കളുമുറങ്ങുന്ന,
മണ്ണില്‍നിന്നൊരു പുന:പ്രതിഷ്ഠ ; പിന്നെ,
കാലത്തിനൊപ്പമെത്താനൊരു പാഴ് ശ്രമം;
തിരിച്ചനിവാര്യമാമീ, ഏകാന്തവഴികളില്‍...!
(5)
കഴിഞ്ഞ ഡിസംബറില്‍, കുഞ്ഞുമോണകാട്ടി,
പുഞ്ചിരിച്ചോരോന്നും, കുറുകിമൊഴിഞ്ഞ,
കൊച്ചുമോളെ, ക്കോരിയെടുത്തുപുല്‍കാന്‍,
നെഞ്ചകമാകെ തുടിക്കുന്ന പോലെ...

ഇന്നീ ഡിസംബറും, വര്‍ഷവും കൊഴിയവേ,
മനസ്സിനുള്ളില്‍ കുഞ്ഞുമോഹങ്ങള്‍ മാത്രം..
എല്ലാമുഖങ്ങളും, ഇടയ്ക്കൊന്നു കാണണം,
ഒത്തുചേര്‍ന്നെന്നെങ്കിലുമൊരിത്തിരി നേരം...