Friday, October 24, 2025

കേരളം, അഭിവാദ്യങ്ങൾ


കൈരളീ ഭൂവാം ഹരിതതമ്പുരുവിലുണരും,
നാദബ്രഹ്മമെൻ നിർവൃതി; അതിലേറെയായ്, 
അതു മീട്ടുവാൻ തുടിക്കുന്ന വിരലുകൾക്കൊപ്പം, 
ഇടറുന്ന ഹൃദയതാളത്തിൽ വിറയുന്ന വാക്കുകളോ? 

ആഴിയാം തോട്ടിൽ തണ്ണീർ തേവുന്ന, 
നിഷ്കളങ്കയാം ബാല്യമോ, അതോ 
നനുത്തമഞ്ഞിന്റെ നേർത്തയുടയാടകൾ, 
അലക്ഷ്യമായണിയും യൗവ്വനമോ? 
സഹ്യന്റെ വിരിമാറിൽ തലചായ്ച്ചുറങ്ങും, 
വിവശയാം പ്രണയഭാജനമോ, അതോ 
അഴിഞ്ഞ മടിക്കുത്തടുക്കി പിടിച്ച് 
മക്കൾക്കായ് പൊരുതുന്ന മാതൃത്വമോ? 

വർഗബോധമുയിർകൊണ്ട കേദാരങ്ങളിൽ, 
നിണപ്പാടുകൾ, രൂക്ഷരുധിര ഗന്ധങ്ങൾ! 
തൊഴിലാളി തൊഴിലധിപതിയാകുന്ന, 
തൊഴിലിടങ്ങളിലും പുഴുക്കുത്തുകൾ! 
പ്രരൂഡവിശ്വാസപാളികളിൽ പോലും, 
ചെമ്പുതെളിയും പകൽകൊള്ളകൾ! 
വെട്ടിത്തെളിക്കുന്ന വ്യാജവീഥികളിലെങ്ങും, 
പാദങ്ങളിടരും പഥികവിലാപങ്ങൾ! 

നിന്റെ സീമന്തരേഖയിലെ സിന്ദൂരവും, 
ഉടുത്ത പൂഞ്ചേലയും, കാലടികളിലെ മണ്ണും, 
കവരുവാൻ ഉന്മത്ത കാപാലികർ ചുറ്റിലും, 
ഒപ്പമവരുടെ സ്തുതിപാടകവൃന്ദവും! 
വിഷലിപ്തക്കാഴ്ചകളാൽ ഇമചിമ്മും, 
ഇരുട്ടിന്റെ ആത്മാവ് വിലപിക്കവേ, 
വിലപേശലുകളും, വിശ്വാസവഞ്ചനകളും, 
നിനക്കൊരു പൊയ്മുഖം തീർക്കുന്നു! 

നിനക്കായ് രാജസൂയമൊരുക്കാൻ, ഞാനാളല്ല; 
നിന്റെ വിധിയിൽ, നിനക്കഭിവാദ്യങ്ങൾ!

ഓണപ്പാട്ട്



അത്തം വന്നോണമെത്തീ, 
തുമ്പപ്പൂക്കൂടയൊരുക്കാം, 
തിരുമേനിക്കിരുന്നുണ്ണാൻ ഇലയൊരുക്കാം, 

ഓണപ്പാട്ടീണത്തിൽ 
ഓണക്കളിമേളമൊരുക്കാം, 
തിരുമേനിക്കിരിക്കുവാൻ കളമൊരുക്കാം, 

ഉത്രാടപാച്ചിലിലും, 
കൈതോല പായവിരിക്കാം, 
തിരുമേനിക്കണിയുവാൻ കസവൊരുക്കാം 

നല്ലോണക്കാലമല്ലോ, 
മാവേലി നാടൊരുക്കാം, 
തിരുവോണനാളിനെ വരവേൽക്കാം!

Sunday, May 30, 2021

ദൈവതം

ക്ഷണികമീയാവേഗ ജീവിതമെന്നതിൻ,

അനുഭവസാക്ഷ്യങ്ങളിനിയുമേറെ!

വർണസ്വപ്നങ്ങളിൽ നിഴലുകളാടാൻ,

ഞൊടിനേരമെന്നതിന്നടിവരകളുമെത്ര?


ഹന്ത! ഞനിതിലൊന്നുമേ ഭാഗഭാക്കല്ല,

എൻ ജീവനിലെന്നും അമൃതധാരയെ-

ന്നാർത്തുരുവിട്ടവരിന്ന് ചകിതചിത്തർ,

പതിതം, ഇന്നിൻ രൌദ്രവേഷപ്പകർച്ചയിൽ!


കാലിടറുമ്പോളൊരു കൈത്താങ്ങിനുമപ്പുറം,

മനമുലയുമ്പോൾ സന്ത്വനങ്ങൾക്കുമുപരി,

കൂടെയുണ്ടെപ്പോഴുമെന്നു മന്ത്രിക്കുന്ന,

ബന്ധങ്ങളണയാതെ, ഉലയൂതി നിർത്താം!


ഊഷ്മളസ്നേഹത്തിൻ കൈത്തിരികളൊക്കെയും,

മനസ്സിൻ ചെരാതുകളിലനുകമ്പയേകി,

തെളിയിച്ചു നിർത്താം; ഇന്നിൻ ദൈവതമായ്,

ഒരു നല്ല നാളേയ്ക്കായ്, തൊഴുകൈകളോടെ !!!


-ശുഭം-


Sunday, January 5, 2014

റിവേഴ്സ് നൊസ്റ്റാള്‍ജിയ

ബാംഗളൂര്‍ നീ സുന്ദരിയാണ്! നിന്നെത്തട്ടിവരുന്ന കാറ്റിന് ഒരു മാദക ഗന്ധമാണ്... പച്ചനോട്ടിന്റെ മണത്തില്‍ foreign perfume ഗന്ധം മേമ്പൊടി ചേര്‍ത്തൊരു ഫ്യൂഷന്‍ സുഗന്ധം... ചുറ്റിലും ഒരു കാന്തിക വലയം... അറിയാതെ അടുത്തെത്തുന്നവരെ പോലും, നിന്നിലലിയിക്കുന്ന ഈ ആകര്‍ഷണം നീ എങ്ങനെ തീര്‍ത്തു?

ഒരു നിയോഗം പോലെ, ശൈത്യകാലത്തെ ഒരു പ്രഭാതത്തില്‍, നിന്നെത്തേടി ഞാനുമെത്തി. ഇഴഞ്ഞു നീങ്ങിയ ബസ്സില്‍ നിന്നും തത്രപ്പെട്ടു പുറത്തിറങ്ങുമ്പോഴേക്കും, കടുത്ത തണുപ്പ് എന്നെ പിടികൂടി. അതു തടയാന്‍ ഒന്നും കൈയ്യില്‍ കരുതിയിരുന്നുമില്ല. കൂട്ടിയിടിക്കുന്ന പല്ലുകളെ അടക്കി നിര്‍ത്താന്‍ ഞാന്‍ പാടുപെട്ടു. അറിയാത്ത ഒരു ഭാഷാ base ല്‍, മുറിത്തമിഴും, fillet ചെയ്ത കുറച്ചു മലയാളം വാക്കുകളും ചേര്‍ന്ന ശബ്ദാവലികള്‍ ചെവിയില്‍ തട്ടിയിട്ടും, തലയ്ക്കകത്തു കയറാതെ നിന്നു. ലക്ഷ്യം വച്ചു വന്ന address തേടി, ഞാന്‍ കയറിയ ഓട്ടോ ചലിച്ചുതുടങ്ങിയപ്പോള്‍, അന്ന് ശീതക്കാറ്റേറ്റ് ഞാന്‍ വിറച്ചു... ഇന്നിപ്പോള്‍ ഡിസംബറില്‍ പോലും നിനക്കെന്നെ തണുപ്പിക്കാന്‍ കഴിയാതെ വരുന്നു..
നിന്നെ ഞാന്‍ കുറ്റം പറയില്ല... കുറ്റം നമുക്ക് Globalization നും, Global Warming നും നല്‍കാം... നീയെനിക്ക് എന്നും പ്രിയപ്പെട്ടവളല്ലേ...

Computer തരംഗങ്ങള്‍ നിന്റെ സിരകളിലൂടൊഴുകുമ്പോള്‍ ഏതോ ഒരു നിര്‍വൃതിയോടെ നീ തരളിതയാവുന്നു! അതിന്റെ ആവേഗത്തില്‍ ഞാനും പങ്കുചേര്‍ന്നു എന്നറിഞ്ഞാല്‍ നിനക്കു സന്തോഷമാവില്ലേ..? അല്ലെങ്കില്‍ ഞാനെന്തിനു പറയുന്നു; എല്ലാം നീ അറിയുന്നുണ്ടല്ലൊ!! പക്ഷേ, സ്വാര്‍ത്ഥതാല്പര്യങ്ങളുടേയും, ആഡംബരക്കാറുകളുടേയും ആധിക്യം കാരണം നീ വീര്‍പ്പുമുട്ടുന്നതു ആരും അറിയുന്നില്ലല്ലോ? അറിഞ്ഞതായ് ഭാവിക്കുന്നില്ലല്ലോ?... ശൈശവത്തില്‍ നിന്നെ താ‍ലോലിച്ചവര്‍ക്കും, യൌവ്വനത്തില്‍ നിന്നെ സ് നേഹിച്ചവര്‍ക്കും, നിന്റെ അകാലവാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുനില്‍ക്കാനാവില്ല... എനിക്കും... കാരണം ഞാനും നിന്നെ സ് നേഹിക്കുന്നു...

സംസ്കാരങ്ങളുടെ പരിഛേദനങ്ങളും, സന്നിവേശങ്ങളും നീ എത്ര കണ്ടു.. ധനികന്‍ ധനികനായും, ദരിദ്രന്‍ ദരിദ്രനായും വളരുന്നു.. അങ്ങനെ വലിയ ധനികനും, വലിയ ദരിദ്രനും എത്രയേറെ ഉണ്ടാവുന്നു.. നിന്നെ സ് നേഹിക്കാനെത്തിയവര്‍ തന്നെ നിന്നെ കളങ്കപ്പെടുത്താനായ് ശ്രമിക്കുന്ന കാഴ്ച്ചയും ഞാന്‍ കണ്ടു.. പക്ഷേ, നിന്നെ കളങ്കപ്പെടുത്താനോ, മലിനമാക്കനോ, നിന്നെ
സ് നേഹിക്കുന്നവര്‍ സമ്മതിക്കില്ല.. എങ്കിലും, നിന്നെ വധിക്കാന്‍ ശ്രമിക്കുന്ന ചാവേറുകളെ, കരളുറപ്പോടെ തടയാന്‍ മുന്നിട്ടിറങ്ങുന്നവര്‍ എത്ര പേരുണ്ടാവും നിന്റെ കാമുകവൃന്ദത്തില്‍.. എന്തുതന്നെയായാലും, നീ എല്ലാവരേയും സ് നേഹിച്ചു...

ഒടുവില്‍ നിന്നെ പ്രലോഭിപ്പിച്ച് നിന്റെ കഴുത്തില്‍ മിന്നുകെട്ടിയ രാഷ്ടീയക്കാരന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. പുഴുത്ത നോട്ടുകെട്ടുകള്‍ക്ക് വേണ്ടി, അവന്‍ ആര്‍ക്കെല്ലാം നിന്നെ കാഴ്ച്ചവെച്ചു എന്നും എനിക്കറിയില്ല... പക്ഷേ, എണ്ണിയാല്‍ തീരാത്തത്ര രാഷ്ട്രീയക്കുഞ്ഞുങ്ങളെ നീ പെറ്റിട്ടു.. മുലപ്പാലിനൊപ്പം നിന്റെ ചോരയും നീരും വറ്റുന്നത് നീ അറിഞ്ഞോ? നിന്നെ വെട്ടിമുറിച്ച് വോട്ടുബാങ്കുകളാക്കിയും, നിന്നെ വിറ്റ് സമ്പാദ്യം ബാങ്കുകളിലിട്ടും നിന്റെ മക്കള്‍ വളര്‍ന്നുവന്നത് നീ അറിഞ്ഞോ? നിറുകയിലെ സിന്ദൂരത്തിനരികെ, വെള്ളിവരകള്‍ തെളിയുന്നത് നീ കാണുന്നുണ്ടോ? അപ്പോഴും നീ എല്ലാവരേയും സ് നേഹിച്ചു...!

നിനക്കുവേണ്ടി ചില ശബ്ദങ്ങള്‍ ഉയരുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്.. വളരെ നേര്‍ത്ത സ്വരമാണെങ്കില്‍ കൂടി, ഞാനും അതില്‍ പങ്കുചേരാം.. കാരണം നിന്നെ വെറുക്കാന്‍ എനിക്കാവില്ല..
നീയെനിക്കു പ്രണയത്തിന്റെ വാടാമല്ലികള്‍ തന്നു... നെടുവീര്‍പ്പുകള്‍ കൈമാറാന്‍ ചോലകള്‍ തന്നു...
ഒരുപാട് ബന്ധങ്ങളും, സൌഹൃദങ്ങളും, സ് നേഹവും തന്നു... നിന്നില്‍ പടരുവാനായുന്ന കാലുഷ്യം പ്രണയത്തില്‍ പടര്‍ന്നുവെങ്കിലും, നീയെനിക്ക് പ്രതീക്ഷകള്‍ തന്നു... മറക്കാനാഗ്രഹിക്കുന്ന ഒരു രാത്രിയില്‍ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന എന്നെ നിന്റെ മക്കളാരും തിരിഞ്ഞുനോക്കിയില്ലെങ്കിലും, നീയെനിക്ക് നാലുമാസത്തെ അവധിക്കാലം തന്നു...

കാതങ്ങള്‍ അകലെയിരുന്ന് ഞാന്‍ പറയട്ടെ; പ്രിയ ബാംഗളൂര്‍, ഇപ്പൊഴും ഞാന്‍ നിന്നെ സ് നേഹിക്കുന്നു...

ആം ആദ്മി || Aam Aadmi

ആം ആദ്മി
വ്രണിത ഹൃദയൻ ഞാൻ -
കാലം നൽകും കൂർത്ത 
ദന്തക്ഷതങ്ങളാൽ -
മധുരോർമകൾ ലേപനം ചെയ്യും 
ആതുരാലയം തിരയുന്നു...

ബധിരനാം അന്തർമുഖൻ ഞാൻ -
ഇടം വലം ഉയരുന്ന 
ഉച്ചനീചത്വ കവചങ്ങളാൽ  -
കറുത്ത പാളികൾ തച്ചുടക്കും 
കല്പണിക്കാരെ തേടുന്നു...

മൂകനാം അശക്തൻ ഞാൻ -
വിഷലിപ്ത സമൂഹമദ്ധ്യേ 
വിറങ്ങലിച്ച വിലക്കുകൾക്കിടയിൽ -
ബന്ധനങ്ങൾ അറുത്തെടുക്കും 
ലോഹപ്പണിക്കാർക്കായ് കേഴുന്നു...

അന്ധനാം അധൈര്യൻ ഞാൻ -
നേരുമറയ്ക്കുന്ന, നേരറിയാത്ത 
വെള്ളിവെളിച്ച കാഴ്ചകളാൽ -
നേരുകാക്കുന്ന തണലൊരുക്കും 
വിശ്വകർമാക്കളെ തേടുന്നു...

ഞാൻ ആരെന്നറിയില്ലേ ???
എന്റെ പേരാണ് "ആം ആദ്മി (Aam Aadmi )"

Friday, February 19, 2010

മിന്നി..(മിസ്കിന / മീനാക്ഷി)

കാലുഷ്യങ്ങളൊട്ടുമേ അറിയാതെ,
മിന്നീ, നീ കളിച്ചു ചിരിക്കയാണ്...
കാര്‍മുടിയിഴകള്‍ കോതിയൊതുക്കാതെ,
വെള്ളാരംകണ്ണുകളില്‍ കുസൃതി കാട്ടി...

എന്റെ നിസ്വനങ്ങള്‍ പതിതമായ് നിന്റെ
ദിനരാത്രപടവുകളില്‍ തേങ്ങലുകളായ്
വീണുടയുമെന്നാലും, ഒരുനാള്‍
അമ്മയെ തേടി നീ പോകതിരിക്കുമോ ?
വോള്‍ഗയില്‍ എനിക്കായ് വിരിഞ്ഞ്
ജര്‍മ്മനിയിലേക്ക് പറിച്ചുനട്ടൊടുവില്‍
ഞാനറിയാതെ നീരെടുത്തൊരെന്‍
താമരപ്പൂവിന്റെ തണ്ടു തേടി....?

മിന്നീ, നിരയ്ക്കാത്ത നീതിക്കു പകരമായ്
ഉപചാരവാക്കുകള്‍ മാത്രം നല്‍കി,
കാണാമറയത്ത് നടന്നകന്നോരായമ്മ,
അച്ഛന്റെ മനസ്സ് കേട്ടിരുന്നോ ?
ആദിസത്യമാം സ്നേഹം, സമ്മാനമായ്
ജന്മം നല്‍കിയ നിന്നെ,
മിസ്കിനയായി വളര്‍ത്തണോ, അതോ,
മീനാക്ഷിയായി നെഞ്ചേറ്റണമോയെന്ന്‍ ...!!!

Saturday, August 22, 2009

വീണ്ടും ഒരോണം...

എണ്ണയിടാത്ത തകരയന്ത്രം കണക്കേ,
അച്ചുതണ്ടില്ലാതെ ജീവിതം കറങ്ങവേ...
വീണ്ടുമൊരോണം ഓടിയെത്തുമ്പോള്‍ ,
ഓര്‍മ്മച്ചെരാതുകള്‍ തിരിതെളിയുന്നൂ...

ബാല്യത്തിന്‍ കൈകളാല്‍ കോരിയെടുത്തൊരാ,
തുമ്പയും തെച്ചിയും മുക്കുറ്റിപ്പൂക്കളും,
കൌമാരമോഹങ്ങളുടെ വര്‍ണ്ണങ്ങളും,
കൂട്ടുകുടുംബത്തിന്‍ പരിഭവങ്ങളും,
പേരുമറന്ന തൊടുകറികളും, സദ്യയും,
തറവാടുമുറ്റവും, നിറവയലുകളും,
സമൃദ്ധിയുടെ മണമുള്ള മന്ദസമീരനും....
ഹോ ! കാലത്തില്‍ കാതങ്ങള്‍ പിന്നിലെത്തുന്നു...

പക്ഷേ, കൈരളീഭൂവിലിന്നെവിടെ ഓണം?
പടച്ചുകെട്ടിയ സമൂഹമനസ്സും,
ഉപഭോഗങ്ങളായ് സ്നേഹവികാരങ്ങളും,
കാലണ വിലയിടും ബന്ധങ്ങളും,
പൊള്ളയാം രാഷ്ട്രീയ ജല്പനങ്ങളും,
സ്വാര്‍ത്ഥരൂപങ്ങളായ് ഭരണചക്രങ്ങളും,
നന്മയുടെ കരങ്ങളില്‍ വിലങ്ങണിയിക്കുന്നൂ...;
അര്‍ത്ഥിയുടെ പാതയില്‍ കോട്ടകെട്ടുന്നൂ.......

പ്രവാസങ്ങളുടെ അനുയാത്രയില്‍ ; ഓണം,
ഊഷരഭൂവിലൊരു മഴത്തുള്ളിപോലെ...
മറ്റൊരു മാതൃകാരാജ്യപ്പിറവിക്കായ്
ആ മഹാരാജനെ വരവേല്‍ക്കാമെങ്കിലും
ഇന്നെനിക്കോണമുണ്ണാന്‍ നേരമില്ല...!!
ചിരിക്കാനും കരയാനും കൂടൊരാളുമില്ല...!!
ഇന്നീ ഓണനാളിന്‍ പൂക്കൂടയില്‍ ഞാന്‍
അഴിച്ചിടട്ടേ എന്‍ വിഷാദ മൂടുപടങ്ങള്‍ ...